
കൊച്ചി: സൈബര്‍ ആക്രമണത്തില്‍ സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഷൈന്‍ പരാതി നല്‍കിയിരുന്നു.
സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
'എനിക്കെതിരെ ഒരു ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ധൈര്യമായിരിക്കണം, പതറരുതെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണ്. സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആത്മരതിയില്‍ ആറാടുന്ന മാനസികാവസ്ഥയുള്ളയാളുകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെ ഒന്നും സംഭവിക്കില്ല. പൊതുരംഗത്ത് നില്‍ക്കുന്ന സ്ത്രീകള്‍ ഇതെല്ലാം പ്രതീക്ഷിക്കണം', എന്നായിരുന്നു ഷെെനിന്‍റെ പ്രതികരണം.
എന്നാല്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കെ ജെ ഷൈനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ഗൂഢാലോചനയാണെന്നും ജില്ലാ നേതൃത്വമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സൈബര്‍ ഇടങ്ങളില്‍ തോന്നിയത് എഴുതി ഇടുന്നവരെല്ലാം കോണ്‍ഗ്രസ് നിയോഗിച്ചവരാണെന്ന് ഇവര്‍ക്ക് എങ്ങനെ പറയാനാകും. ഈ വിഷയത്തെ കുറിച്ച് കുറേനാളായി മാധ്യമങ്ങള്‍ക്കടക്കം അറിയാം. എന്നാല്‍ തെളിവില്ലാത്ത ഒരുകാര്യം പറയുന്നവരല്ല ഞങ്ങള്‍. അവര്‍ ഒരു സ്ത്രീയാണ്, കുടുംബമുള്ളവരാണ്, അവര്‍ക്കെതിരെ അധിക്ഷേപം നടത്തുക ഞങ്ങളുടെ രാഷ്ട്രീയമല്ല. അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എവിടെ നിന്നാണ് ഷൈന്‍ ടീച്ചര്‍ക്ക് മനസിലായതെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.
Content Highlight; Police register case on KJ Shine's complaint of 'insulting femininity'