'കെ ജെ ഷൈനെതിരായ അധിക്ഷേപത്തിനു പിന്നിൽ സിപിഐഎം, കോണ്‍ഗ്രസെന്ന് എങ്ങനെ പറയും?: മുഹമ്മദ് ഷിയാസ്

'സിപിഐഎമ്മിന്റെ നേതാക്കൾക്കെതിരെ അവർ തന്നെ ഗൂഢാലോചന നടത്തുകയും അവരുടെ ആളുകൾ തന്നെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു'

'കെ ജെ ഷൈനെതിരായ അധിക്ഷേപത്തിനു പിന്നിൽ സിപിഐഎം, കോണ്‍ഗ്രസെന്ന് എങ്ങനെ പറയും?: മുഹമ്മദ് ഷിയാസ്
dot image

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കെ ജെ ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങൾക്കു പിന്നിൽ സിപിഐഎം ഗൂഢാലോചനയാണെന്നും ജില്ലാ നേതൃത്വമാണെന്നും ഷിയാസ് ആരോപിച്ചു.

സൈബർ ഇടങ്ങളിൽ തോന്നിയത് എഴുതി ഇടുന്നവരെല്ലാം കോൺഗ്രസ് നിയോഗിച്ചവരാണെന്ന് ഇവർക്ക് എങ്ങനെ പറയാനാകും. ഈ വിഷയത്തെ കുറിച്ച് കുറേനാളായി മാധ്യമങ്ങൾക്കടക്കം അറിയാം. എന്നാൽ തെളിവില്ലാത്ത ഒരുകാര്യം പറയുന്നവരല്ല ഞങ്ങൾ. അവർ ഒരു സ്ത്രീയാണ്, കുടുംബമുള്ളവരാണ്, അവർക്കെതിരെ അധിക്ഷേപം നടത്തുക ഞങ്ങളുടെ രാഷ്ട്രീയമല്ല. അധിക്ഷേപങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് എവിടെ നിന്നാണ് ഷൈൻ ടീച്ചർക്ക് മനസിലായതെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.

സിപിഐഎമ്മിന്റെ നേതാക്കൾക്കെതിരെ അവർ തന്നെ ഗൂഢാലോചന നടത്തുകയും അവരുടെ ആളുകൾ തന്നെയാണ് ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത്. സിപിഐഎമ്മിന്റെ അധികാര, ഭരണ രാഷ്ട്രീയത്തിന്റെ ചെയ്തികളാണിത്. ഇതിനു മുമ്പും സിപിഐഎമ്മിൽ ഒളിക്യാമറ വിവാദങ്ങളുണ്ടായിട്ടുണ്ട്. അന്ന് അവർ നടപടി എടുത്തവരാണ് ഇന്നത്തെ ജില്ലയിലെ പാർട്ടി നേതാക്കളെന്നും ഷിയാസ് പറഞ്ഞു.

അധികാരത്തിനും പണത്തിനുമായി എന്തും ചെയ്യുമെന്ന് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ സാക്ഷ്യപ്പെടുത്തിയ നേതാക്കളാണ്, സ്വന്തം സഹപ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് അടിക്കാനുള്ള വടി നൽകുന്നത്. ഗോവിന്ദൻ പറഞ്ഞ അതേ നേതൃത്വത്തിലെ നേതാക്കളാണ് ജില്ലയിലുമുള്ളത്. വിഷയത്തിൽ സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വമാണ് പരിശോധന നടത്തേണ്ടത് അല്ലാതെ കോൺഗ്രസ് അല്ലെന്നും അദ്ദേഹം പറഞ്ഞു.

സൈബർ ഇടങ്ങളിൽ അച്ചടക്കം പാലിക്കണമെന്ന് കോൺഗ്രസ് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുള്ളതാണ്. കെ ജെ ഷൈനെതിരായ അധിക്ഷേപത്തിന് പിന്നിൽ സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വമാണ്. അവർ ആത്മപരിശോധന നടത്തണം. അതിന്റെ പേരിൽ പ്രതിപക്ഷ നേതാവിന്റെ മേലോട്ട് കയറാൻ നോക്കണ്ട. പ്രതിപക്ഷ നേതാവിനെ ജനങ്ങൾക്കറിയാമെന്നും ഷിയാസ് പറഞ്ഞു. തനിക്കെതിരെ ബോംബ് പൊട്ടുമെന്ന് ഷൈനിനോട് പറഞ്ഞ പ്രാദേശിക നേതാവിന്റെ പേര് അവർ തന്നെ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബർ ഇടങ്ങളിൽ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ പ്രതികരിച്ച് കെ ജെ ഷൈൻ രംഗത്ത് വന്നിരുന്നു. കോൺഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈൻ പ്രതികരിച്ചത്.

തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

'എനിക്കെതിരെ ഒരു ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ധൈര്യമായിരിക്കണം, പതറരുതെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണ്. സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആത്മരതിയില്‍ ആറാടുന്ന മാനസികാവസ്ഥയുള്ളയാളുകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെ ഒന്നും സംഭവിക്കില്ല. പൊതുരംഗത്ത് നില്‍ക്കുന്ന സ്ത്രീകള്‍ ഇതെല്ലാം പ്രതീക്ഷിക്കണം', കെ ജെ ഷൈന്‍ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തന്നെ ഇരയാക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു. അതേസമയം ആരോപണത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കെ ജെ ഷൈൻ പരാതി നൽകി.

Content Highlights: DCC President Mohammed Shiyas responds to negative remarks against CPIM leader KJ Shine

dot image
To advertise here,contact us
dot image