
മലപ്പുറം: സര്‍ക്കാരിന്റെ വികസന സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് കണ്‍വീനറുടെ സര്‍ക്കുലര്‍ തളളി മുസ്‌ലീം ലീഗ്. പരിപാടിയെ അനുകൂലിച്ച് മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം രംഗത്തെത്തി. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ് സംഘടിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ അവതരിപ്പിക്കാനായി അവിടങ്ങളില്‍ സദസ് നടത്തുമെന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. വികസന സദസ് നടത്തരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് കണ്‍വീനറുടെയും നിലപാട്. എന്നാല്‍ സദസ് നടത്തണമെന്നാണ് ലീഗ് മലപ്പുറം ജില്ലാ നേതൃത്വം പറയുന്നത്.
യുഡിഎഫ് കണ്‍വീനറുടെ സര്‍ക്കുലര്‍ തളളി പി അബ്ദുള്‍ ഹമീദ് എംഎല്‍എ രംഗത്തെത്തി. വികസന സദസ് ഗംഭീരമായി നടത്തണമെന്നും യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ സദസ് സംഘടിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ അവതരിപ്പിക്കുമെന്നുമാണ് ലീഗ് പറയുന്നത്. എന്നാല്‍ വികസന സദസ് ധൂര്‍ത്താണെന്ന നിലപാടാണ് അടൂര്‍ പ്രകാശ് എംപിക്ക്. വികസന സദസിലൂടെ രാഷ്ട്രീയ പ്രചാരണം നടത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ നേതാവിന്റെയും നിലപാട്. തദ്ദേശ വകുപ്പും പിആര്‍ഡിയും ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ ഈ മാസം 22 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക തലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊളളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ പക്ഷം. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് നടക്കുക. വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ ഇരുപതിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലാ, ഗ്രാമ പഞ്ചായത്തുതലങ്ങളില്‍ വിവിധ ദിവസങ്ങളിലായി പരിപാടികള്‍ നടത്തും.
Content Highlights: Muslim league malappuram leadership against UDF Convener's circular to boycott Vikasana Sadas