
പാലക്കാട്: സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. സെപ്തംബർ 13 മുതലാണ് പ്രേമയെ കാണാതായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇവരിൽനിന്ന് 11 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.
15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇരയായ പ്രേമ സ്വർണാഭരണങ്ങൾ പണയംവെച്ച് ഇവർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയൽവാസിയുടെ സഹായത്തോടെ പണം നിക്ഷേപിക്കുകയായിരുന്നു. സെപ്‌റ്റംബർ രണ്ടിനാണ് 11 ലക്ഷം നിക്ഷേപ്പിച്ചത്.
ഇതിനുശേഷം 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയം തോന്നുകയും തട്ടിപ്പാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയിൽ കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറിലേക്കുൾപ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടമ്മയായ പ്രേമയെ കാണാതായത്.
13 ന് അർദ്ധരാത്രിയോടെ പ്രേമ നടന്നു പോകുന്നതിൻ്റെ സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 14-ന് പുലർച്ചെ കടമ്പഴിപ്പുറത്തുനിന്ന് ഗുരുവായൂർക്കുള്ള ബസിൽ ഇവർ കയറിയതായും സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരുൾപ്പെടെ പറയുന്നു. ഇളംപച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള ചുരിദാറാണ് വീടുവിട്ടിറങ്ങുമ്പോൾ പ്രേമ ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9048412976 എന്ന നമ്പറിലോ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.
Content Highlight : Housewife who was cyber-scammed worth lakhs reported missing