
കോഴിക്കോട്: വന്യജീവി സംരക്ഷണ ബില്ലില്‍ മന്ത്രിസഭ എടുത്തത് സുപ്രധാനമായ തീരുമാനമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തുന്ന വന്യജീവികളെ വെടിവച്ചുകൊല്ലുന്നതിന് ഉത്തരവിടാന്‍ ചീഫ് വാര്‍ഡന് അനുവാദം നല്‍കുന്ന വന്യജീവി സംരക്ഷണ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനോട് പല നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിരുന്നെങ്കിലും കേന്ദ്രം ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തത്. വന്യജീവി സംരക്ഷണ ബില്‍(കേരള ഭേദഗതി) തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തീരുമാനമല്ല. കേന്ദ്ര നിയമത്തിന് എതിരായ രീതിയില്‍ ഉള്ളതല്ല ബില്‍. കേന്ദ്ര നിയമത്തില്‍ ഇളവ് വരുത്തുകയാണ്. വന്യജീവി ആക്രമണമുണ്ടായാല്‍ തീരുമാനമെടുക്കാനുള്ള കാലതാമസം ഒഴിവാക്കുകയാണെന്നും കേന്ദ്ര നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുതന്നെയാണ് നിയമനിര്‍മാണമെന്നും ശശീന്ദ്രന്‍ പറഞ്ഞു. തീരുമാനം വന്യജീവി ആക്രമണത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് സമാധാനം നല്‍കുന്ന തീരുമാനമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബില്‍ തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്ന് രണ്ടിലേക്ക് മാറ്റാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പുതിയ ഭേദഗതി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ചുമതലപ്പെടുത്തുന്ന കളക്ടര്‍ക്ക് മൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടാനാകും. സംസ്ഥാനം കൊണ്ടുവരുന്ന ഭേദഗതി നിയമസഭയില്‍ പാസ്സായാലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലേ പ്രാബല്യത്തില്‍ വരൂ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്.
Content Highlights: Kerala Cabinet Approves Draft Bill to kill Violent Wild Animals, Minister AK Saseendran Says Not Election-Driven