സഭാസമ്മേളനത്തിൽ പങ്കെടുക്കരുത്:രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസ് സൈബർ വിഭാ​ഗത്തിൽ പോര്

'ശബ്ദ സന്ദേശങ്ങൾ വ്യാജമാണെങ്കിൽ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം'

സഭാസമ്മേളനത്തിൽ പങ്കെടുക്കരുത്:രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസ് സൈബർ വിഭാ​ഗത്തിൽ പോര്
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം. രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോൺ​​ഗ്രസിനെ അനുകൂലിക്കുന്ന സൈബർ പ്രൊഫൈലുകൾ രം​ഗത്തെത്തിയത്. കോൺ​ഗ്രസ് പാർട്ടി, കോൺ​ഗ്രസ് വാരിയേഴ്സ്, കോൺ​ഗ്രസ് ബറ്റാലിയൻ, യുവ തുർക്കി എന്നീ പേരുകളിൽ അറിയപ്പെടുന്ന കോൺ​ഗ്രസിൻ്റെ സൈബർ പേജുകളിലാണ് രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.

ശബ്ദ സന്ദേശങ്ങൾ വ്യാജമാണെങ്കിൽ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം. പൊതുസമൂഹത്തിന് മുന്നിൽ മറുപടി പറയണമെന്നും ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ സമരങ്ങളെ ദുർബലപ്പെടുത്തരുതെന്നും വ്യക്തിപരമായ കളങ്കം പാർട്ടിക്ക് ബാധ്യത ആവരുതെന്നും ഒരു വിഭാഗം വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രം​ഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ ലക്ഷ്യം താന്‍ മാത്രമല്ലെന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തലാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഒരു കണ്ണി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കമന്റ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം.

'മാധ്യമങ്ങളുടെ ലക്ഷ്യം ഞാന്‍ അല്ല. ഞാന്‍ ഒരു കണ്ണി മാത്രം. ഈ ദിവസങ്ങളില്‍ തന്നെ യാതൊരു അടിസ്ഥാനവും ഇല്ലാതെ അവര്‍ ഷാഫി പറമ്പിലിനെ, വി ടി ബല്‍റാമിനെ, പി കെ ഫിറോസിനെ, ടി സിദ്ദിഖിനെ, ജെബി മെത്തറിനെ പല കാരണം പറഞ്ഞ് ആക്രമിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ക്ക് വലിയ ലക്ഷ്യം ഉണ്ട്. ആ അജണ്ടയില്‍ പോയി വീഴരുത്', രാഹുല്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.

കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ മുതല്‍ യുവനിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടതും തമ്മില്‍ തല്ല് ഉണ്ടാക്കേണ്ടതും മാധ്യമങ്ങളുടെ ആവശ്യമാണെന്നും രാഹുല്‍ പറയുന്നു. നേതാക്കള്‍ തൊട്ട് നിങ്ങള്‍ വരെ ദുര്‍ബലപ്പെട്ടാല്‍ ദുര്‍ബലമാകുന്നത് കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു. ഇന്ന് വൈകിട്ട് 4.57നാണ് രാഹുലിന്റെ സന്ദേശം ഗ്രൂപ്പില്‍ വന്നത്.

Content Highlight : Congress cyber profiles are on the rise, asking Rahul not to attend the assembly session.

dot image
To advertise here,contact us
dot image