
മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നതുപോലെ ചര്‍മ്മം നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ്. പുരാതന ആയുര്‍വേദത്തിലും ചൈനീസ് വൈദ്യത്തിലും ഫേസ് മാപ്പിംഗ് എന്നറിയപ്പെടുന്ന ഒരു ആശയമുണ്ട്. ഇത് മുഖക്കുരുവിന്റെ സ്ഥാനങ്ങളും അവ സൂചിപ്പിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മനസിലാക്കിത്തരുന്നു.
ഹോര്‍മോണ്‍ മുഖക്കുരു
ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മുഖക്കുരു സാധാരണയായി ഉണ്ടാകുന്നത് താടിയെല്ലിന്റെ ഭാഗങ്ങളിലാണ്. 'ക്ലിനിക്കല്‍, കോസ്‌മെറ്റിക് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷണല്‍ ഡെര്‍മറ്റോളജി ജേർണലില്‍ പ്രസിദ്ധീകരിച്ച 'ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ഓഫ് ആക്‌നേ വള്‍ഗാരിസ് ആന്‍ അപ്‌ഡേറ്റ്' എന്ന പഠനത്തില്‍ സ്ത്രീകളിലുള്ള ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും മുഖക്കുരുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.
ശരീരത്തിലെ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍
സെബം ഉത്പാദനം വര്‍ധിക്കുകയും അധികമായി ഉണ്ടാകുന്ന ഈ സെബം(എണ്ണ) സുഷിരങ്ങള്‍ അടയുന്നതിനും കാരണമാകുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരു ഉണ്ടാകാന്‍ കാരണം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മുഖക്കുരു മുഖത്തിന്റെ താഴെ താടിയെല്ലിലും താടിയിലുമാണ് ഉണ്ടാകുന്നത്.
ദഹനപ്രശ്‌നങ്ങള്‍- കവിള്‍ത്തടങ്ങള്‍
ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആമാശയത്തിലെ ബാക്ടീരിയയുടെ അസന്തുലിതമായ പ്രവര്‍ത്തനം മുഖക്കുരുവിനും സെബത്തിന്റെ അമിതമായ ഉത്പാദനം എന്നിവയിലേക്കും നയിച്ചേക്കാം എന്നാണ്. ഇത് മുഖ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതിനും കവിളുകളില്‍ മുഖക്കുരു ഉണ്ടാകാനും കാരണമാകുന്നു.
കരളിന്റെ പ്രവര്‍ത്തനം- പുരികങ്ങള്‍ക്കിടയില്‍
പുരികങ്ങള്‍ക്കിടയിലുണ്ടാകുന്ന മുഖക്കുരു കരളിന്റെ ആരോഗ്യവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആധുനിക വൈദ്യശാസ്ത്രം ഇതിന് കാര്യമായ പിന്തുണ നല്‍കുന്നില്ല. പുരികങ്ങള്‍ക്കിടയിലെ മുഖക്കുരുക്കള്‍ സൂചിപ്പിക്കുന്നത് കരളിന് സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട് എന്നാണ്. അനാരോഗ്യകരമായ ഭക്ഷണക്രമമോ വൈകാരിക സമ്മര്‍ദ്ദമോ അല്ലെങ്കില്‍ മദ്യപാനമോ ആകാം ചിലപ്പോള്‍ ഇതിനുളള കാരണം.
മുടിയുടെ നടുഭാഗത്തെ വരയിലും നെറ്റിത്തടങ്ങളിലും
പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലെ 'ഫേസ്മാപ്പിംഗ്' രീതി അനുസരിച്ച് മുടിയിലെ നടുഭാഗത്തുള്ള വരയിലും നെറ്റിത്തടത്തിലും ഉണ്ടാകുന്ന മുഖക്കുരു കരളിന്റെയോ മൂത്രസഞ്ചിയുടെയോ പ്രവര്‍ത്തനത്തിലെ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളായി കാണപ്പെടുന്നു. എന്നാല്‍ നെറ്റിത്തടങ്ങളിലുണ്ടാകുന്ന മുഖക്കുരുവിന് മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും നിര്‍ജ്ജലീകരണവും കാരണമാകുന്നുവെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ പറയുന്നു. വൃക്കകളുടെ പ്രവര്‍ത്തനവും മുഖക്കുരുവും തമ്മിലുള്ള ബന്ധം പൂര്‍ണമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചില ഗവേഷകര്‍ വാദിക്കുന്നുണ്ട്.
മുഖക്കുരു നിയന്ത്രിക്കാന്‍
1 സ്ഥിരമായ ഒരു സ്‌കിന്‍കെയര്‍ ദിനചര്യ ശീലമാക്കുക.
2 ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക
3 വിട്ടുമാറാത്ത സമ്മര്‍ദ്ദം നിയന്ത്രക്കുക
4 അമിത വിയര്‍പ്പും പൊടിയും അടിഞ്ഞുകൂടുന്നത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്)
Content Highlights :Health secrets that acne reveals; From liver function to hormonal problems