'ജെൻസണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ';ശ്രുതിക്ക് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ;കുറിപ്പുമായി സാമൂഹ്യ പ്രവർത്തക

ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് പ്രതിശ്രുത വരന്‍ ജെന്‍സനെയും വാഹനാപകടത്തില്‍ നഷ്ടപ്പെട്ടിരുന്നു

'ജെൻസണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ';ശ്രുതിക്ക് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ;കുറിപ്പുമായി സാമൂഹ്യ പ്രവർത്തക
dot image

കൊച്ചി: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് അധിക്ഷേപ സന്ദേശങ്ങള്‍. ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് ശ്രുതി തനിക്ക് ഷെയര്‍ ചെയ്തതായി സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ, അവള്‍ ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെ കാരണം അവള്‍ നന്ദിയില്ലാത്തവളായി മാറി എന്നൊക്കെയാണ് ഇന്‍ബോക്‌സില്‍ വരുന്ന അധിക്ഷേപങ്ങള്‍ എന്ന് താഹിറ പങ്കുവെക്കുന്നു.

ജെൻസണിന്‍റെ മരണത്തിന് മുൻപാണ് ശ്രുതിയെ പരിചയപ്പെടുന്നതെന്നും അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെയെന്നും താഹിറ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഒരു സമയത്ത് മലയാളികള്‍ ഒന്നടങ്കം സങ്കടപ്പെട്ടതും പ്രാര്‍ത്ഥിച്ചതും ഈ കുട്ടിയുടെ ദുര്‍ വിധിയെ ഓര്‍ത്തായിരുന്നു, അച്ഛനും അമ്മയും ആകെയുള്ള കൂടപ്പിറപ്പും, ഉറ്റ ബന്ധുക്കളുമെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായവള്‍, വെറും 23 വയസു കാരി.
പ്രിയപ്പെട്ടവനും പോയി, പിന്നെയവള്‍ മരണത്തെ മാത്രം സ്‌നേഹിച്ചു..
ഞാന്‍ പരിചയപ്പെടുന്നത് അവന്റെ വിയോഗത്തിന് മുന്‍പായിരുന്നു,
അവള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആദ്യമേ പറഞ്ഞത്, ഇത്ത അവളെ കൗണ്‍സിലിംഗ് ചെയ്യാത്ത രീതിയില്‍ ഒന്ന് നോര്‍മലായി സംസാരിക്കുമോ എന്നായിരുന്നു, അന്ന് തുടങ്ങിയതാണ് ബന്ധം, അവന്റെ മരണ ശേഷം അവളെ മുഖാ മുഖം കണ്ടപ്പോള്‍ പറഞ്ഞത് ഇത്ത, ഞാന്‍ ഇനി കരയില്ല, കാരണം കരയാന്‍ പോലും അര്‍ഹതയില്ലത്തവളാണ്
എന്റെ മനസ് കൈവിടാതെ ഞാന്‍ സൂക്ഷിച്ചോളാം..

ഞാനും അവളോട് പറഞ്ഞത് നിന്റെ ജീവിതത്തിന്റെ, നിന്റെ മനസിന്റെ സന്തോഷത്തിന്റെ യൊക്കെ താക്കോല്‍ നിന്റടുത് മാത്രമാണ്, അത് നീ മുറുകെ പിടിച്ചു നിന്റെ മനസിന് സന്തോഷമുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്ത് മുന്നോട്ട് ജീവിക്കണം..
പിന്നെ ജീവിതയാത്രയില്‍ കൂടെ കൂട്ടാം എന്ന് തോന്നിയ ഒരാളെ കണ്ടു മുട്ടിയാല്‍ ഒരുമിച്ചൊരു യാത്രയെ കുറിച്ചും ചിന്തിക്കണം, കാരണം നിനക്ക് 23 വയസ് മാത്രാണ്. ഒറ്റക്ക് ഒരു ജീവിതം വേണ്ട മോളെ, അതും ഉള്‍ക്കൊള്ളണം എന്നുകൂടെ പറഞ്ഞിരുന്നു.. ചെയ്യുമെന്നും ചെയ്യില്ല എന്നും പറഞ്ഞില്ല

ഇന്ന് രാവിലേ മുതല്‍ ആ കുട്ടി സംസാരിക്കുന്നത് അവള്‍ക്ക് വരുന്ന വെറുപുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് അയച്ചു കൊണ്ടാണ്, ജെന്‍സണ്‍ നെ ആലോചിച് ജീവിക്കുന്നില്ലത്രേ, അവള്‍ ചിരിച്ചഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെ കാരണം അവള്‍ നന്ദിയില്ലാത്തവളായി മാറി എന്ന്. ജെന്‍സന്റെ അച്ഛന്‍ ചെയ്ത വീഡിയോ പ്രകാരം വീട് ജപ്തി ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞു, അവള്‍ നല്ലൊരു തുക ആദ്യമേ കൈമാറിയിരുന്നു, ഒപ്പം അന്നാ സ്ഥാപനം തുടങ്ങാന്‍ വേണ്ടി കൊടുത്ത സ്വര്‍ണ്ണമൊന്നും അവള്‍ തിരിച്ചു വേടിച്ചില്ല എന്നതെല്ലാം അവളെ അറിയുന്നവര്‍ക്കറിയാം.. മരിച്ചുപോയവരെ കുറിച്ചോ അവന്റെ വീട്ടുകാരെ കുറിച്ചോ ഒന്നും പ്രതികരിക്കില്ല അവള്‍, അതവളുടെ പ്രകൃതം..
ഇന്നും അവള്‍ ജീവിക്കുന്നത് വാടക വീട്ടിലാണ്, കാരണം വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല, ജോലി ഒഴിച്ച്.
ആ ജോലിയും ചെയ്തു, അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവള്‍ ജീവിക്കാന്‍ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങള്‍ക്കാണെങ്കില്‍ നിങ്ങള്‍ ജനല്‍ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീര്‍ പൊഴിച്ചിരുന്നോളൂ, പക്ഷെ അവള്‍, അവളുടെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെ.

ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് പ്രതിശ്രുത വരന്‍ ജെന്‍സനെയും വാഹനാപകടത്തില്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തില്‍ ശ്രുതിക്കും സാരമായി പരിക്കേറ്റിരുന്നു. വിവാഹം നടക്കാനിരിക്കെയായിരുന്നു പ്രതിശ്രുത വരനും മരിച്ചത്. പിന്നീട് ശ്രുതിക്ക് വയനാട് കലക്ട്രേറ്റില്‍ റവന്യൂവകുപ്പില്‍ നിയമനം ലഭിച്ചു. ശ്രുതിക്ക് വേണ്ടി സന്നദ്ധ സംഘടന കല്‍പ്പറ്റയില്‍ വീട് നിര്‍മ്മിക്കുന്നുണ്ട്.

Content Highlights: Hateful messages to Shruti Wayanad thahira kallumurikkal post

dot image
To advertise here,contact us
dot image