
മലപ്പുറം: സിപിഐഎം നേതാക്കള്‍ക്കെതിരായ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ഓഡിയോ പുറത്തുവന്നതിനുപിന്നാലെ പരിഹാസ പോസ്റ്റുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 'കപ്പലണ്ടി വിറ്റ് നടന്നാ മതിയായിരുന്നു' എന്നാണ് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഐഎം നേതാക്കളായ എം കെ കണ്ണനെയും എ സി മൊയ്തീനെയും പരാമര്‍ശിക്കുന്നതായിരുന്നു ശരത് പ്രസാദിന്റേതായി പുറത്തുവന്ന ഓഡിയോ. സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറുമെന്നും എം കെ കണ്ണന് കപ്പലണ്ടി കച്ചവടമായിരുന്നു, അദ്ദേഹം രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്, എ സി മൊയ്തീന്‍ അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എന്നാണ് ശരത് പ്രസാദ് പറഞ്ഞത്.
സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ ജെ ജനീഷും രംഗത്തെത്തിയിരുന്നു. തൃശൂരിലെ സിപിഐഎം നേതാക്കളുടെ സാമ്പത്തിക കൊളളയും അഴിമതിയും സംബന്ധിച്ച് ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറിയുടെ പുറത്തുവന്ന ശബ്ദരേഖ കരുവന്നൂര്‍ ഉള്‍പ്പെടെയുളള തട്ടിപ്പുകളില്‍ സിപിഐഎമ്മിന്റെ പങ്ക് ശരിവയ്ക്കുന്നതാണെന്നും രാഷ്ട്രീയ ധാര്‍മികതയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ ഇനിയും സത്യങ്ങള്‍ വിളിച്ചുപറയാന്‍ ശരത് തയ്യാറാകണമെന്നും ഒ ജെ ജനീഷ് പറഞ്ഞു. നിലവില്‍ പുറത്തുവന്ന ശബ്ദരേഖയുടെ പേരില്‍ സിപിഐഎം ക്രിമിനലുകളാല്‍ ശരത് ആക്രമിക്കപ്പെടാനും ഇന്നോവ കാര്‍ വീട്ടുമുറ്റത്ത് തിരിയാനും സാധ്യതയുണ്ടെന്നും അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നല്‍കണം, അല്ലാത്ത പക്ഷം യൂത്ത് കോണ്‍ഗ്രസ് ശരത്തിന് സംരക്ഷണം നല്‍കുമെന്നും ഒ ജെ ജനീഷ് പറഞ്ഞു.
ശരത് പ്രസാദ് അഞ്ചുവർഷം മുൻപ് സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് വ്യക്തമാക്കി. ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് പ്രസാദ് ഓഡിയോയിൽ പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന്‍ പറയുന്നു. 'ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപിഐഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്‌സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ സി മൊയ്തീന്‍ ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീന്‍' എന്ന് ശരത് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
Content Highlights: PK Firos mocks cpim on dyfi leader sarath prasad's leaked audio