
കൊച്ചി: പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ മുള്ളൻകൊല്ലി പഞ്ചായത്ത് വാർഡ് മെമ്പർ ജോസ് നെല്ലേടത്തിന്റെ മരണത്തിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ ജോസ് നെല്ലേടത്തിനെതിരെ പരാതി നൽകിയതായി അറിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം ആരോപണ വിധേയനാണോ എന്ന് തനിക്കറിയില്ല. തങ്കച്ചൻ നൽകിയ പരാതിയിൽ ആരുടെയും പേരില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ തങ്കച്ചൻ നിരപരാധിയാണ്. പരാതിയായി ലഭിച്ച ഫോണ്‍കോള്‍ എവിടെനിന്നാണെന്ന് പോലും അന്വേഷിക്കാതെയാണ് അദ്ദേഹത്തിനെതിരെ പൊലീസ് നടപടി എടുത്തതെന്നും സണ്ണി ജോസഫ് ആരോപിച്ചു. ഒരു വീടിന്റെ കാർ പോർച്ചിൽ വ്യാജമദ്യമുണ്ടെന്ന് പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. ബുദ്ധിയുള്ള ഒരു പൊലീസാണെങ്കിൽ ആ സന്ദേശത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കില്ലേ?. പരാതിക്കാരൻ ആരാണെന്ന് വിലയിരുത്താതെയാണ് പൊലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരനെയാണ് ആദ്യം പിടിക്കേണ്ടിയിരുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പൊലീസിന് രണ്ട് ഫോൺകോൾ വന്നുവെന്നാണ് പറയുന്നത്. ഒരു വീടിന്റെ കാർ പോർച്ചിൽ മദ്യം വെച്ചുവെന്ന കാരണത്താൽ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുന്നത് തെറ്റാണ്. അതിൽ ഒന്നാമത്തെ ഉത്തരവാദി പൊലീസാണ്. ആ സാഹചര്യം ആരാണ് ഉണ്ടാക്കിയതെങ്കിലും അവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. അതിൽ ഏതെങ്കിലും കോൺഗ്രസുകാർ ഭാഗമായിട്ടുണ്ടെങ്കിൽ സംഘടന അതിനെ വളരെ ഗൗരവത്തിൽ കാണുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തങ്കച്ചനുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് സംശയങ്ങളാണുള്ളത്. അതിലേക്ക് എത്തേണ്ടത് പൊലീസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നിയമസഭയിൽ പങ്കെടുക്കുന്നതിന് യാതൊരു അയോഗ്യതയുമില്ലെന്നും സഭയിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരായ തീരുമാനം പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ആ തീരുമാനത്തെ കേരളത്തിലെ കോൺഗ്രസിലെ ആരും തന്നെ ചോദ്യം ചെയ്തിട്ടില്ല, ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തെ വീടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ തനിക്കെതിരായ കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് ജോസിന്‍റെ മരണം.
Content Highlights: KPCC President Sunny Joseph Reacts on Pulpally Fake Case