'സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറും': എം കെ കണ്ണനും എ സി മൊയ്തീനുമെതിരെ ഡിവൈഎഫ്‌ഐ നേതാവ്

അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ്

'സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറും': എം കെ കണ്ണനും എ സി മൊയ്തീനുമെതിരെ ഡിവൈഎഫ്‌ഐ നേതാവ്
dot image

തൃശൂര്‍: സിപിഐഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് പ്രസാദ് പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന്‍ പറയുന്നു.

'ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപി ഐഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്‌സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ സി മൊയ്തീന്‍ ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീന്‍' എന്ന് ശരത് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

അതേസമയം, അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് വ്യക്തമാക്കി. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു. ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

Content Highlights: DYFI leader allegations against MK Kannan and AC Moideen

dot image
To advertise here,contact us
dot image