
ലോക യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്രയെന്ന് സംവിധായകൻ ഡൊമിനിക് അരുൺ. ഇനി വരാന്‍ പോവുന്നതെല്ലാം ഇതിലും വലുതാണെന്നും ഡൊമിനിക് പറഞ്ഞു. കല്യാണി അല്ലാതെ ഇപ്പോള്‍ മറ്റൊരാളെ ചന്ദ്രയായി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഡൊമിനിക് ഇക്കാര്യം പറഞ്ഞത്.
'ലോകയുടെ ലോകത്തേക്കുള്ള സ്‌നീക് പീക് മാത്രമാണ് ചന്ദ്രയില്‍. ലോക യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്ര. ഇനി വരാന്‍ പോവുന്നതെല്ലാം വലുതാണ്. ദുല്‍ഖറിന്റെ അടുത്ത് കഥ പറയുമ്പോള്‍ കാസ്റ്റ് ഉണ്ടായിരുന്നില്ല. ചന്ദ്രയ്ക്കായി ഓപ്ഷന്‍സ് ഉണ്ടായിരുന്നു. അതില്‍ ഒന്ന് കല്യാണി ആയിരുന്നു. കഥാപാത്രത്തിന് വേണ്ടി കല്യാണി കഠിനപ്രയത്‌നം നടത്തിയിട്ടുണ്ട്. ഭയങ്കര കമ്മിറ്റ്‌മെന്റുള്ള നടിയാണ് കല്യാണി. ഇപ്പോള്‍ ലഭിക്കുന്ന പ്രശംസകള്‍ കല്യാണി ശരിക്കും അര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ മറ്റൊരാളെ ചന്ദ്രയായി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ബാക്കിയുള്ള ലോകത്തില്‍ ചന്ദ്ര ഉറപ്പായും വരും', ഡൊമിനിക് പറഞ്ഞു.
ദുൽഖർ നസ്ലെൻ ഫാൻ ആണെന്നും മമ്മൂക്കയ്ക്കും അവനെ ഭയങ്കര ഇഷ്ടമാണെന്നും ഡൊമിനിക് പറഞ്ഞിരുന്നു. ആദ്യം മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത് എന്നും നസ്ലെനെ ലോകയിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ ദുല്‍ഖറിനായിരുന്നു എക്‌സൈറ്റ്‌മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Chandra is the smallest hero in Loka universe says Director Dominic Arun