
ഈ വർഷം നവംബറിൽ നടക്കുന്ന ആശസ് പരമ്പരയിൽ ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ട് സെഞ്ച്വറി തികച്ചില്ലെങ്കിൽ താൻ നഗ്നനനായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കൂടി നടക്കുമെന്ന് പറയുകയാണ് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ. ഇത്തവണ ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന പരമ്പര സെപ്റ്റംബർ 21ന് പെർത്തിൽ വെച്ചാണ് ആരംഭിക്കുക.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാം നമ്പർ ബാറ്ററാണ് ജോ റൂട്ട്. ഓസ്‌ട്രേലിയൻ മണ്ണിൽ 12 മത്സരം കളിച്ച റൂട്ട് 35.68 ശരാശരിയിൽ 892 റൺസ് നേടിയിട്ടുണ്ട്. ഒമ്പത് അർദ്ധസെഞ്ച്വറികൾ തന്റെ പേരിൽ കുറിച്ച റൂട്ടിന് പക്ഷെ സെഞ്ച്വറി തികക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഓൾ ഓവർ ബാർദി ക്രിക്കറ്റ് എന്ന യൂട്യൂബ് ചാനലിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിൽ താരത്തിന്റെ മകളും കമന്റുമായെത്തിയിട്ടുണ്ട്. ഹെയ്ഡന്റെ മകളും ക്രിക്കറ്റ് പ്രെസെന്ററുമായ ഗ്രേസ് ഹെയ്ഡൻ 'ദയവ് ചെയ്ത് സെഞ്ച്വറിയടിക്കണം റൂട്ട്,' എന്ന് കമന്റ് ചെയ്തു.
ഓസ്‌ട്രേലിയക്കെതിരെയുള്ള റൂട്ടിന്റെ ഓവറോൾ കരിയറിൽ 34 മത്സരം കളിച്ച റൂട്ട് 40.46 ശരാശരിയിൽ 18 അർദ്ധസെഞ്ച്വറിയും നാല് സെഞ്ച്വറിയുമടക്കം 2428 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights- Mathew Hayden Says I'll walk nude around the MCG if Root didn't score century