കാറിലെ അടച്ചിട്ട വിൻഡോയും എസിയും മാത്രമല്ല; ശോകഗാനങ്ങളും മോഷൻ സിക്ക്നെസിനെ വഷളാക്കുമെന്ന് പഠനം

2025 സെപ്റ്റംബര്‍ 3-ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഇത് സ്ഥിരീകരിച്ചു

കാറിലെ അടച്ചിട്ട വിൻഡോയും എസിയും മാത്രമല്ല; ശോകഗാനങ്ങളും മോഷൻ സിക്ക്നെസിനെ വഷളാക്കുമെന്ന് പഠനം
dot image

കാര്‍ യാത്രകളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് മോഷന്‍ സിക്ക്‌നെസ്. അടച്ചിട്ട എസി കാറിനുള്ളിലെ മണവും യാത്രയും തലകറക്കം, ഛര്‍ദ്ദി, ക്ഷീണം, തലവേദന തുടങ്ങി പലതരം അസ്വസ്ഥതകളിലേക്ക് നയിക്കും. ആസ്വാദ്യകരമാകേണ്ട ഒരു യാത്ര നശിപ്പിക്കാന്‍ മറ്റൊന്നും വേണ്ട. എന്നാല്‍ ഇതിനെല്ലാം പുറമെ കാറില്‍ പ്ലേ ചെയ്യുന്ന സംഗീതവും നിങ്ങളുടെ മോഷന്‍ സിക്ക്‌നെസിനെ സ്വാധീനിക്കുമെന്ന് പറഞ്ഞാലോ ?

അതെ, പുതിയ പഠനങ്ങള്‍ അനുസരിച്ച് നിങ്ങള്‍ കാറില്‍ പ്ലേ ചെയ്യുന്ന പാട്ടുകളും നിങ്ങളുടെ മോഷന്‍ സിക്ക്‌നെസിനെ ബാധിക്കും. 2025 സെപ്റ്റംബര്‍ 3-ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഇത് സ്ഥിരീകരിച്ചു. സംഗീതത്തിന്‍റെ മൂഡ് അനുസരിച്ച് നിങ്ങളുടെ മോഷന്‍ സിക്ക്‌നെസിന്റെ ലക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ വരും!

എങ്ങനെയുള്ള സംഗീതം തിരഞ്ഞെടുക്കണം ?

ദുഃഖകരമായ സംഗീതം മോഷന്‍ സിക്കനെസിനെ കൂടുതല്‍ വഷളാക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം സന്തോഷകരമായ സംഗീതവും സൗമ്യവും മൃദുവായതുമായ സംഗീതവും ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുന്നു.ഗവേഷകരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മൃദുവായ ഈണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മോഷന്‍ സിക്ക്‌നെസ് 56.7 ശതമാനവും സന്തോഷകരമായ സംഗീതം ഉപയോഗിക്കുമ്പോള്‍ 57.3 ശതമാനം കുറയും.

മിക്കപ്പോഴും, സംഗീതം തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ ഇഷ്ടമാണ്. പ്രത്യേകിച്ച് നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍ തിരഞ്ഞെടുക്കുന്ന സംഗീതത്തിലും അത് പ്രതിഫലിക്കും. കാരണം ഗാനങ്ങള്‍ പലപ്പോഴും വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. പക്ഷെ ഈ സമീപനം കാര്‍ യാത്രകള്‍ക്ക് അനുയോജ്യമല്ല, പ്രത്യേകിച്ച് നിങ്ങള്‍ക്ക് മോഷന്‍ സിക്ക്‌നെസിന് സാധ്യതയുണ്ടെങ്കില്‍.

നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ സംഗീതത്തിന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. തലച്ചോറിന്റെ ആന്‍സിപിറ്റല്‍ ലോബ് അസുഖം വരുമ്പോള്‍ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെ തിരികെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് എത്തിക്കാന്‍ സന്തോഷമുണ്ടാക്കുന്ന ഗാനങ്ങള്‍ക്ക് സാധിക്കുന്നു.

Content Highlights- Study finds that sad songs can worsen motion sickness

dot image
To advertise here,contact us
dot image