'നേപ്പാളിൽ യെച്ചൂരി നടത്തിയ ഇടപെടൽ ഓർത്തുപോവുകയാണ്'; അനുസ്മരിച്ച് മുഖ്യമന്ത്രി

സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് യെച്ചൂരിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

'നേപ്പാളിൽ യെച്ചൂരി നടത്തിയ ഇടപെടൽ ഓർത്തുപോവുകയാണ്'; അനുസ്മരിച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് യെച്ചൂരിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

2006-ൽ നേപ്പാളിൽ രണ്ടാം ജന ആന്ദോളനെ തുടർന്ന് രാജഭരണത്തെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികൾ തമ്മിൽ ഐക്യമൊരുക്കുന്നതിലും രാജ്യത്തെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച സീതാറാം യെച്ചൂരിയുടെ ഇടപെടൽ ഓർത്തുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജഭരണത്തിനെതിരെ പ്രക്ഷോഭം നയിച്ച നേപ്പാളിലെ സപ്തകക്ഷി സഖ്യത്തിനും മാവോയിസ്റ്റുകൾക്കും ഇടയിൽ സഹകരണം സാധ്യമാക്കിയതിലും മാവോയിസ്റ്റ് പാർട്ടിയെ ജനാധിപത്യത്തിൻ്റെ പാതയിലേയ്ക്ക് നയിക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസയ്ക്കു പാത്രമായതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. എഴുപതുകളിൽ അടിയന്തരാവസ്ഥക്കെതിരെ പോരാടി രാഷ്ട്രീയ ജീവിതം ആരംഭിച്ച സഖാവ് തന്റെ അവസാന നാളുകളിലുൾപ്പെടെ സംഘപരിവാർ ഭരണത്തിനെതിരെ രാജ്യത്തുയർന്നുവന്ന ബഹുജന മുന്നേറ്റങ്ങളുടെ നേതൃത്വമായി നിലകൊണ്ടു.
അടങ്ങാത്ത പോരാട്ടവീര്യമായിരുന്നു സഖാവ് സീതാറാമിന്റെ സവിശേഷത. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി ആർട്ടിക്കിൾ 370 റദ്ദുചെയ്യപ്പെട്ടതിനു ശേഷം സമ്പൂർണ തടവറയായി മാറിയിരുന്ന ജമ്മു കാശ്മീരിലേക്ക് പുറത്ത്‌ നിന്നും പ്രവേശിക്കുന്ന ആദ്യ പൊതുപ്രവർത്തകനായിരുന്നു സഖാവ്‌ സീതാറാം. അദ്ദേഹത്തെ ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് രണ്ടു തവണ മടക്കി അയച്ചെങ്കിലും സീതാറാം സുപ്രീം കോടതിയെ സമീപിക്കുകയും റിട്ട് ഹർജിയിലൂടെ സന്ദർശനാനുമതി നേടുകയും ചെയ്യുകയായിരുന്നു.
സഖാവ് സീതാറാമാണ് അന്ന് കാശ്മീരിലെ യഥാർത്ഥ അവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞത്.

ഭരണഘടനാ മൂല്യങ്ങൾക്കായും അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായുമുള്ള പോരാട്ടത്തിന്റെ വേദിയായി സീതാറാം പാർലമെന്റിനെ മാറ്റി. അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ട്‌ വിഷയത്തിൽ ബിൽ അവതരണ വേളയിൽ തന്നെ ശക്തമായ ഭാഷയിൽ രംഗത്തുവന്ന അദ്ദേഹം പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത് സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സാമ്പാദിക്കുകയും ചെയ്യുകയായിരുന്നു.

2006-ൽ നേപ്പാളിൽ രണ്ടാം ജന ആന്ദോളനെ തുടർന്ന് രാജഭരണത്തെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികൾ തമ്മിൽ ഐക്യമൊരുക്കുന്നതിലും രാജ്യത്തെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച സീതാറാം യെച്ചൂരിയുടെ ഇടപെടൽ ഓർത്തുപോവുകയാണ്. രാജഭരണത്തിനെതിരെ പ്രക്ഷോഭം നയിച്ച നേപ്പാളിലെ സപ്തകക്ഷി സഖ്യത്തിനും മാവോയിസ്റ്റുകൾക്കും ഇടയിൽ സഹകരണം സാധ്യമാക്കിയതിലും മാവോയിസ്റ്റ് പാർടിയെ ജനാധിപത്യത്തിൻ്റെ പാതയിലേയ്ക്ക് നയിക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസയ്ക്കു പാത്രമായതാണ്.

പലഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കാൻ സഖാവ് സീതാറാമിനു കഴിഞ്ഞു. ഇന്ത്യയിലെ മതനിരപേക്ഷ പക്ഷത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു അദ്ദേഹം. കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Content Highlights: Chief Minister Pinarayi Vijayan remembers Sitaram Yechury

dot image
To advertise here,contact us
dot image