
തൃശ്ശൂർ: സിപിഐഎം നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ച ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റിയംഗവുമായ ശരത് പ്രസാദിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഒ ജെ ജെനീഷ്. തൃശ്ശൂരിലെ സിപിഐഎം നേതാക്കളുടെ സാമ്പത്തിക കൊള്ളയും അഴിമതിയും സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖ കരുവന്നൂർ ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ പാർട്ടിയുടെ പങ്ക് ശരിവക്കുന്നതാണെന്ന് ജെനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയ ധാർമികതയിൽ ശരത് ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ഇനിയും സത്യങ്ങൾ വിളിച്ചു പറയാൻ തയ്യാറാകണമെന്ന് ജെനീഷ് ആവശ്യപ്പെട്ടു. പുറത്തുവന്ന ശബ്ദരേഖയുടെ പേരിൽ സിപിഐഎം ക്രിമിനലുകളാൽ ശരത് ആക്രമിക്കപ്പെടാനും ഇന്നോവ കാർ വീട്ടുമുറ്റത്ത് തിരിയാനും സാധ്യതയുണ്ട്. ശരതിന് പൊലീസ് സംരക്ഷണം നൽകണം. അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ് അദ്ദേഹത്തിന് സംരക്ഷണം നൽകുമെന്നും ജെനീഷ് കുറിപ്പിൽ പറയുന്നു.
സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് പ്രസാദിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന്‍ പറയുന്നുണ്ട്.
'ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപി ഐഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്‌സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ സി മൊയ്തീന്‍ ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീന്‍' എന്നാണ് ശരത് ശബ്ദ സന്ദേശത്തിൽ പറയുന്നത്.
അതേസമയം, അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്നാണ് ശരത് പ്രസാദ് വ്യക്തമാക്കിയത്. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറഞ്ഞു. ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം...
തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ സാമ്പത്തിക കൊള്ളയും , അഴിമതിയും സംബന്ധിച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ പുറത്തുവന്ന ശബ്ദരേഖ കരുവന്നൂർ ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ സിപിഎം ൻ്റെ പങ്ക് ശരിവക്കുന്നത്. രാഷ്ട്രീയ ധാർമികതയിൽ ശരത്ത് ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ഇനിയും സത്യങ്ങൾ വിളിച്ചു പറയാൻ തയ്യാറാകണം. നിലവിൽ പുറത്തുവന്ന ശബ്ദരേഖയുടെ പേരിൽ സിപിഐഎം ക്രിമിനലുകളാൽ ഇദ്ദേഹം ആക്രമിക്കപ്പെടാനും , ഇന്നോവ കാർ വീട്ടുമുറ്റത്ത് തിരിയാനും സാധ്യതയുണ്ട്, പോലീസ് സംരക്ഷണം നൽകണം, അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ് അദ്ദേഹത്തിന് സംരക്ഷണം നൽകും.
Content Highlights: Youth Congress leader Adv OJ Janeesh Supports DYFI Thrissur District Scecretary Sharath Prasad On his allegation against CPIM leaders