
മലപ്പുറം: പി കെ ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎം. 'നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ്' എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കെ ടി ജലീല്‍ തെളിവുകള്‍ അടക്കമാണ് ആരോപണം ഉന്നയിച്ചതെന്നും ഉയര്‍ന്നു വന്ന ആരോപണം അതീവ ഗൗരവതരമെന്നും ജയരാജന്‍ വ്യക്തമാക്കി. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ഒരു യുവ നേതാവില്‍ നിന്നും പ്രതീക്ഷിക്കാത്തതെന്നും രാഷ്ട്രീയ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണെന്നും ജയരാജന്‍ പറഞ്ഞു. 'അഴിമതിയും കൊള്ളരുതായ്മയും നടത്താനുള്ള സാഹചര്യം ഒരുക്കുകയാണ് നേതൃത്വം. പി കെ ഫിറോസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ഫിറോസിന് മാധ്യമങ്ങളുടെ മുന്നില്‍ ഇപ്പോള്‍ മിണ്ടാട്ടമില്ല.' ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പി കെ ഫിറോസിനെതിരായ ആരോപണത്തില്‍ സിപിഐഎം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൊള്ളരുതായ്മക്കെതിരെയാണ് മലപ്പുറത്തും വയനാടും പ്രതിഷേധം സംഘടിപ്പിക്കുക.
മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പി കെ ഫിറോസെന്നും പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നുമായിരുന്നു കെ ടി ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും വന്‍തട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചിരുന്നു.
അതേസമയം ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകള്‍ നിരത്തി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2024 മാര്‍ച്ച് 23 മുതല്‍ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തില്‍ ബാധ്യത ഉള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചു. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകള്‍ എല്ലാം തരുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Content Highlight; K T Jaleel again agaist Youth League leader P K Firos; M V Jayarajan's reaction