
സമീപ കാലത്തതായി ഹിറ്റുകൾ വാരിക്കൂട്ടുകയാണ് ദുല്‍ഖര്‍ സല്‍മാൻ. കൈനിറയെ സിനിമകളാണ് ദുൽഖറിന്റേതായി തെലുങ്കിൽ ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും പുതിയ സിനിമയാണ് ഡിക്യു 41. ഒരു റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു പുത്തൻ അപ്ഡേറ്റ് ആണ് ട്രെൻഡിങ് ആകുന്നത്.
ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നടി പൂജ ഹെഗ്‌ഡെയെ സിനിമയിലേക്ക് വെൽക്കം ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ദുൽഖറിനെയും വീഡിയോയിൽ കാണാം. ദുൽഖറും പൂജയും ഒന്നിച്ചുള്ള ഒരു രംഗവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കളർഫുൾ റൊമാന്റിക് സിനിമയാകും ഇതെന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്. നവാഗതനായ രവി നീലക്കുഡിത സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ നടക്കുകയാണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും എത്തുന്ന സിനിമയുടെ നിര്‍മ്മാണം എസ്എല്‍വി സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. ദുല്‍ഖറിന്‍റെ കരിയറിലെ 41-ാം ചിത്രമാണിത്.
കാലികമായ ഒരു പ്രണയകഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. തെലുങ്ക് താരം നാനിയാണ് ചടങ്ങില്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. സംവിധായകരായ ബുച്ചി ബാബു സനയും ശ്രീകാന്ത് ഒഡേലയും ചടങ്ങിന് എത്തിയിരുന്നു. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ലക്കി ഭാസ്കറിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഉണ്ട്. അനയ് ഗോസ്വാമിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കൊല്ല അവിനാഷ് ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഗുണ്ണം സന്ദീപ്. രമ്യ ഗുണ്ണം, നാനി എന്നിവരാണ് തിരക്കഥ കൈമാറിക്കൊണ്ട് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്.
എസ്എല്‍വി സിനിമാസിന്‍റെ നിര്‍മ്മാണത്തില്‍ എത്തുന്ന പത്താമത്തെ ചിത്രവുമാണ് ഇത്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അപ്ഡേഷനുകൾ വൈകാതെ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം 'കാന്ത' ആണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്‌റ്റാറായി അറിയപ്പെടുന്ന എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്‌പദമാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാന്ത'. ചിത്രത്തില്‍ ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക് താരം റാണ ദഗുബാട്ടി സഹനിര്‍മ്മാതാവാകുന്ന ചിത്രമാണ് ഇത്.
Content highlights: DQ 41 new teaser out now