
മനുഷ്യർക്ക് പകരം എല്ലായിടത്തും വ്യാളിയുടെ മുഖങ്ങൾ കാണുന്നത് സങ്കൽപ്പിച്ചു നോക്കൂ….കഥകളിൽ മാത്രം കണ്ടിരുന്ന ഒരു കാര്യം നേരിട്ട് സംഭവിച്ചാലോ ? ഇങ്ങനെ ഒരു അവസ്ഥ, അതും ഒരു അത്യപൂർവമായ അവസ്ഥയിലൂടെ കടന്നുപോയിരിക്കുകയാണ് ഒരു ഡെന്മാർക്കുകാരി.
'ആളുകളുടെ മുഖത്തേക്ക് നോക്കിയാൽ ആദ്യം മനുഷ്യനെ പോലെ തോന്നും എന്നാൽ ഞൊടി നേരത്തിൽ അത് ഒരു ഡ്രാഗൺ ആയി മാറും, മറ്റാരും മുൻപിൽ ഇല്ലെങ്കിലും ഡ്രാഗണുകളെ പോലുള്ള ഭീകര മുഖങ്ങൾ മുന്നിൽ മിന്നിമായുന്നു '- തനിക്കുണ്ടായ അനുഭവം സൈക്യാട്രിക് ക്ലിനിക്കിലെ ഡോക്ടറോട് ആ സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്.
ആദ്യം സാധാരണമായി തോന്നിയ മനുഷ്യ മുഖങ്ങൾ നീളമുള്ള, കൂർത്ത ചെവികളും പുറത്തേക്ക് തള്ളിനിൽക്കുന്ന മൂക്കും ആയി മാറുന്നതും പച്ച, നീല അല്ലെങ്കിൽ ചുവപ്പ് നിറങ്ങളിലായി കണ്ണുകൾ വലുതാകുന്നതായും കാണപ്പെട്ടു എന്നും ആ സ്ത്രീ മെഡിക്കൽ ഗവേഷകരെ അറിയിച്ചു. കുട്ടിക്കാലം മുതൽ തന്നെ തനിക്ക് ഈ ഭ്രമാത്മകത അനുഭവപ്പെട്ടിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് തിരഞ്ഞ ഗവേഷകർ അത് കണ്ടെത്തി.
ഇലക്ട്രോഎൻസെഫലോഗ്രാം (EEG) എന്ന ബ്രെയിൻ സ്കാനിംഗ് ടെക്നിക് ഉപയോഗിച്ച് ഒരു ന്യൂറോളജിക്കൽ പരിശോധനയും നടത്തി. പരിശോധനയിൽ പ്രോസോപോമെറ്റമോർഫോസിയസ് എന്ന അപൂർവ അവസ്ഥയാണ് ഇതിനു പിന്നിലെ കാരണമെന്നും കണ്ടെത്തി. മറ്റൊരാളുടെ മുഖം കാണുമ്പോൾ ഭയാനക രൂപങ്ങൾ ആയി ആളുകൾക്ക് അനുഭവപ്പെടുന്ന അവസ്ഥയെ പറയുന്ന പേരാണ് സോപോമെറ്റമോർഫോസിയസ്. തലച്ചോറിലെ നാഡീസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാകാം ഇത് സംഭവിക്കുന്നത്. ശാസ്ത്രസാഹിത്യത്തിൽ ഏകദേശം 75 പ്രോസോപോമെറ്റമോർഫോപ്സിയ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹെമി-പ്രൊസോപോമെറ്റമോർഫോപ്സിയ അഥവാ ഹെമി-പിഎംഒ ഉള്ളവരിൽ, മുന്നിൽ കാണുന്ന മുഖത്തിന്റെ ഒരു വശം മാത്രമേ ഭയാനകമായി തോന്നുകയുള്ളൂ. എന്നാൽ ഫുൾ-ഫേസ് പ്രോസോപോമെറ്റമോർഫോപ്സിയ അഥവാ ഫുൾ-ഫേസ് പിഎംഒയിൽ, ഒരു വ്യക്തി കാണുന്ന മറ്റൊരാളുടെ മുഖം പൂർണ്ണമായും വക്രീകൃതമായിരിക്കും. തലച്ചോറിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളുമായും അപസ്മാരം, മൈഗ്രെയ്ൻ, സ്ട്രോക്ക് തുടങ്ങിയ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വൈകല്യങ്ങളുമായും ഈ അവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു.
Content Highlights- An ordinary man at first glance, but a 'dragon' upon closer inspection; Behind the strange incident