
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പടയോട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. യുഎഇക്കെതിരെ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ അത്യപൂര്‍വമായൊരു പുനഃസമാഗമത്തിന് കൂടിയാണ് അവസരമൊരുങ്ങുന്നത്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലും യുഎഇയുടെ സ്പിന്നര്‍ സിമ്രാന്‍ജീത് സിങ്ങുമാണ് ഇന്ന് നേര്‍ക്കുനേര്‍ എത്തുന്നത്. ദുബായിലെ ഏഷ്യാ കപ്പ് വേദിയില്‍ ഇന്ത്യയ്‌ക്കെതിരെ യുഎഇയുടെ കുപ്പായത്തില്‍ സിമ്രാന്‍ജീത് ഇറങ്ങുമ്പോള്‍ താരത്തിന്റെ ഓര്‍മകള്‍ 14 വര്‍ഷം പിന്നോട്ടോടും.
35 കാരനായ സിമ്രാൻജിത് പഞ്ചാബുകാരനാണ്. 2011–2012 കാലഘട്ടങ്ങളിൽ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ ഒരുമിച്ച് പരിശീലിച്ചവരാണ് ഗില്ലും സിമ്രാൻജീത്തും. അന്ന് അണ്ടർ 19 തലത്തിലാണ് സിമ്രാൻജീത് കളിച്ചിരുന്നത്. അണ്ടർ 12 തലത്തിലാണ് ഗിൽ കളിച്ചിരുന്നത്.
സീനിയർ ടീമിന്റെ പരിശീലനശേഷം ജൂനിയർ താരങ്ങൾക്ക് നെറ്റ്സിൽ പരിശീലനത്തിന് അവസരം ലഭിക്കാറുണ്ട്. സീനിയർ ടീമിനൊപ്പം പരിശീലനം പൂർത്തിയാക്കിയ ശേഷം നെറ്റ്സിൽ തുടരാറുള്ള സിമ്രാൻജീത് ജൂനിയർ ടീമിനൊപ്പവും പരിശീലനം ചെയ്യാറുണ്ട്. അങ്ങനെയാണ് ഗില്ലിനെ സിമ്രാൻജീത് പരിചയപ്പെടുന്നത്. പഞ്ചാബ് സീനിയർ ടീമിൽ സജീവമായിരുന്ന സിമ്രാൻജീത് കൊവിഡ് കാലത്താണ് യുഎഇയിൽ എത്തുന്നതും പിന്നാലെ ടീമിന്റെ ഭാഗമാകുന്നതും.
VIDEO | UAE spinner Simranjeet Singh recalled that when a 12-year-old Shubman Gill had joined the PCA Academy, he had bowled to him during practice sessions.
— Press Trust of India (@PTI_News) September 9, 2025
"I think Shubman Gill must have been around 11 or 12 years old at that time. He used to come in the nets regularly for… pic.twitter.com/9UKnAh97TE
ഇന്ത്യയുടെ സൂപ്പർ ബാറ്ററായ ഗില്ലിനെതിരെ വീണ്ടും പന്തെറിയുന്നതിന്റെ ആവേശത്തെ കുറിച്ച് സിമ്രാൻജീത് തുറന്നുപറയുകയും ചെയ്തിരുന്നു. ‘2011-2012ലാണെന്നാണ് ഓർമ. അന്ന് ഞാൻ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നെറ്റ് സെഷനിൽ പന്തെറിയാനെത്തിയതായിരുന്നു. അന്ന് 11 വയസ്സുകാരായ ശുഭ്മാനും നെറ്റ്സിൽ പതിവായി ബാറ്റ് ചെയ്യാനെത്തുമായിരുന്നു. ചെറിയ പ്രായക്കാരനായ ശുഭ്മാനെതിരെ ഞാൻ പതിവായി പന്തെറിഞ്ഞു. അദ്ദേഹത്തിന് അത് ഓർമയുണ്ടോ എന്നറിയില്ല’, എന്നായിരുന്നു സിമ്രാൻജീത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
Content Highlights: Simranjeet Singh UAE spinner once bowled to 12-year-old Shubman Gill in nets and will now face him in Asia Cup