
കൊച്ചി: റാപ്പർ വേടനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം. വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം അസഭ്യവര്‍ഷം നടത്തിയായിരുന്നു യുവാക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. സംഭവത്തിൽ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്ത ശേഷവും യുവാക്കള്‍ ലോക്കപ്പില്‍ പ്രശ്‌നമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ മുതല്‍ ഇരുവരും പൊലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുകയാണ്. പിന്നീട് ഉച്ചയ്ക്ക് ശേഷം യുവാക്കള്‍ പരാക്രമം കാണിക്കാന്‍ തുടങ്ങി. എന്നാല്‍ ഇവര്‍ക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാണെന്നുമാണ് സൂചന. 'ഉടന്‍ തന്നെ വേടനെ പുറത്ത് വിടണം, വേടന് ജാമ്യം ലഭിച്ചതല്ലേ' എന്നായിരുന്നു ഇരുവരുടെയും ചോദ്യം. പൊലീസ് സ്റ്റേഷന് മുന്നിലും ലോക്കപ്പിലും പരാക്രമം കാണിച്ച ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്
മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തൃക്കാക്കര സിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എല്ലാം പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലൈംഗിക ആരോപണങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം വേടന്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്ന് വേടന്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു.
'ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്': എന്നാണ് വേടന്‍ പറഞ്ഞത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്.
Content Highlight; Demand to release Vedan; Youths demonstrate in front of Thrikkakara police station