ആദ്യം ക്രൂരമായി ട്രോളി, ഇപ്പോൾ ക്ഷമ ചോദിച്ച് പോസ്റ്റുകൾ; സോഷ്യൽ മീഡിയ തൂക്കി സായ് അഭ്യങ്കറിൻ്റെ പുതിയ ഗാനം

നിരവധി വിമർശനങ്ങൾ ആദ്യം ലഭിച്ച ഗാനമിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്ന കാഴ്ചയാണുണ്ടാകുന്നത്

ആദ്യം ക്രൂരമായി ട്രോളി, ഇപ്പോൾ ക്ഷമ ചോദിച്ച് പോസ്റ്റുകൾ; സോഷ്യൽ മീഡിയ തൂക്കി സായ് അഭ്യങ്കറിൻ്റെ പുതിയ ഗാനം
dot image

നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്തു പ്രദീപ് രംഗനാഥനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഡ്യൂഡ്. ചിത്രത്തിലെ ആദ്യ ഗാനമായ 'ഊരും ബ്ലഡ്' ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. കിടിലൻ ഡാൻസ് രംഗങ്ങളും റൊമാൻസും ചേർത്തൊരുക്കിയ ഗാനം സായ് അഭ്യങ്കർ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിരവധി വിമർശനങ്ങൾ ആദ്യം ലഭിച്ച ഗാനമിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്ന കാഴ്ചയാണുണ്ടാകുന്നത്.

പാൽ ഡബ്ബ വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കർ, ദീപ്തി സുരേഷ്, ഭൂമി എന്നിവർ ചേർന്നാണ്. ഗാനമിറങ്ങിയ അടുത്ത നാളുകളിൽ കടുത്ത വിമർശനങ്ങളായിരുന്നു പാട്ടിനും സായ്ക്കും ലഭിച്ചത്. ഗാനത്തിന്റെ മിക്സിങ് മോശമാണെന്നും വരികൾ ഒന്നും മനസിലാകുന്നില്ലെന്നുമായിരുന്നു കമന്റുകൾ. ആദ്യ സിനിമ ഇറങ്ങും മുൻപ് സായ് അഭ്യങ്കർ ഫീൽഡ് ഔട്ട് ആകുമെന്നും പലരും എക്സിൽ കുറിച്ചു. എന്നാൽ ദിവസങ്ങൾ പിന്നീടവേ ഗാനത്തിന് ആരാധകർ വർധിക്കുന്ന കാഴ്ചയാണുണ്ടായത്.

ഇൻസ്റ്റാഗ്രാം റീലുകളിലും എഡിറ്റുകളിലുമെല്ലാം ഊരും ബ്ലഡ് നിറയാൻ തുടങ്ങി. ഗാനം ഗംഭീരമാണെന്നും മോശം അഭിപ്രായം പറഞ്ഞതിന് ക്ഷമ ചോദിച്ചും വരെ എക്സിൽ പ്രേക്ഷകർ എത്തി. ഗാനമിപ്പോൾ ട്രെൻഡിങ്ങിലാണ്. തുടർന്ന് ഈ പാട്ടിന്റെ ഒരു അൺപ്ലഗ്ഡ് വേർഷനും സായ് അഭ്യങ്കർ പുറത്തുവിട്ടു. നടൻ ധനുഷ് ഉൾപ്പെടെയുള്ളവർ ഈ വേർഷനെ അഭിനന്ദിച്ച് രംഗത്തെത്തി.

സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്.

Content highlights: Sai Abhyangar new song oorum blood goes viral

dot image
To advertise here,contact us
dot image