
കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി നടത്തിയ പരാമർശം വിവാദത്തിൽ. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്ക് പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ബഹാഉദ്ദീന്‍ നദ്‌വിയുടെ വിവാദ പ്രസ്താവന. കോഴിക്കോട് മടവൂരിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവർക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാൽ വൈഫ് ഇൻചാർജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹാഉദ്ദീന്‍ നദ്‌വി കൂട്ടിച്ചേർത്തു. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിർത്ത് സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണ്. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ സിപിഐഎം വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. നദ്‌വി വൈസ് ചാന്‍സലര്‍ ആയിരിക്കുന്ന ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷമായിരുന്നു വിമര്‍ശനം. കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ചാണ് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
ബഹാഉദ്ദീന്‍ നദ്വിക്ക് പ്രത്യേക കൃമികടിയാണെന്ന് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം സി. ഇബ്രാഹിംകുട്ടി പറഞ്ഞിരുന്നു. ബഹാഉദ്ദീന്‍ നദ്‌വി മുസ്ലിം ലീഗിന്റെ കോളാമ്പിയായി പ്രവര്‍ത്തിക്കുന്നയാള്‍. ചുവന്ന കൊടി കണ്ടാല്‍ ഹാലിളകുന്ന ആളാണ് ബഹാഉദ്ദീന്‍ നദ്വി. അദ്ദേഹത്തിന് ഇടക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍ നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ലെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
Content Highlights: Bahahuddin Nadwi makes abusive remarks against ministers and mps