
തളിപ്പറമ്പ്: എംഡിഎംഎ വിൽപനക്കാരനായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ പി മുസ്തഫ (37) യാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 430 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോഴാണ് ഇയാൾ എംഡിഎംഎ വാങ്ങുന്നത്.
തുടർന്ന് നാട്ടിലെത്തിച്ച് വിൽക്കുന്നതാണ് രീതി. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽ നിന്ന് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് വിൽപനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു മുസ്തഫ. കർണാടകയൽ നിന്ന് എംഡിഎംഎ വാങ്ങുന്ന ഇയാൾ ആവശ്യക്കാർക്കിത് കൈയിൽ കൊടുക്കില്ല. നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടും. ഇതാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.
തളിപ്പറമ്പ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പി കെ രാജീവന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ രാജേഷ്, പി പി മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി വിജിത്ത്, കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മുസ്തഫയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനിൽ നിന്ന് മുസ്തഫയെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരി പറഞ്ഞു.
Content Highlights: ambulance driver arrested in mdma case