
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്ര കേസിൽ
കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. ഇതിന് ശേഷം ഇരകളായ യുവതികളുടെ മൊഴി രേഖപ്പെടുത്തും. ഗര്‍ഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.
രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചതായുള്ള സൂചനയും പുറത്തുവന്നിരുന്നു. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സഹായിച്ചെന്ന വിവരവും ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
Content Highlights: Crime Branch team to record statements of more people in the abortion case involving Rahul Mamkootathil