
തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിലെ മർദ്ദനത്തിന് പിന്നാലെ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഹോട്ടൽ ഉടമ ഔസേപ്പ്. ഹോട്ടലിനെതിരെ വ്യാജപരാതി ഉന്നയിച്ച ആൾ മുഖേന അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിൽ മൂന്ന് ലക്ഷം രൂപ പൊലീസിനും രണ്ട് ലക്ഷം അയാൾക്കുമാണെന്നാണ് പരാതിക്കാരൻ പറഞ്ഞതെന്ന് ഔസേപ്പ് റിപ്പോർട്ടറിനോട് പറഞ്ഞു. തന്റെ ഹോട്ടൽ ജീവനക്കാരെ മർദിച്ച എസ് ഐ രതീഷിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും ഔസേപ്പ് ആവശ്യപ്പെട്ടു.
ഹോട്ടടലിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ പാലക്കാട് സ്വദേശിയാണ് വ്യാജ പരാതി ഉന്നയിച്ചത്. ഇയാൾ ഹോട്ടലിൽ ബഹളം വെച്ചതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിളിച്ചെങ്കിലും അവർ വന്നില്ല. തുടർന്നാണ് ഹോട്ടൽ മാനേജരും ഡ്രൈവറും പരാതി നൽകാൻ പീച്ചി സ്റ്റേഷനിലെത്തിയത്. എന്നാൽ പ്രശ്‌നമുണ്ടാക്കിയ ആൾക്കൊപ്പമാണ് എസ് ഐ നിന്നത്. ഹോട്ടൽ മാനേജരേയും ഡ്രൈവറേയും എസ് ഐ മുഖത്തടിച്ചു. ആദ്യം ഫ്‌ളാസ്‌കുകൊണ്ട് തലയ്ക്കടിക്കാനും ശ്രമിച്ചു.സംഭവം അറിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിയ തന്നെയും മകനേയും പൊലീസ് ഭീഷണിപ്പെടുത്തി. മകനെ ലോക്കപ്പിലിട്ടെന്നും ഔസേപ്പ് പറഞ്ഞു.
തല്ലുകിട്ടിയ രണ്ടുപേർക്കും ചികിത്സ നൽകിയിരുന്നു. എസ് ഐ മാനസികരോഗിയെ പോലെ അലറിവിളിച്ചാണ് പെരുമാറിയതെന്നും ഔസേപ്പ് പറഞ്ഞു. പ്രശ്‌നം സംബന്ധിച്ച് സംസാരിക്കാൻ എസ് ഐയുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം ഭീഷണിപ്പെടുത്തി. ജീവനക്കാർക്കും മകനുമെതിരെ കേസ് എടുക്കാതിരിക്കാൻ പണം നൽകി ഒത്തുതീർപ്പാക്കണമെന്ന് എസ് ഐ പറഞ്ഞു. വധശ്രമം ചുമത്തി കേസ് എടുക്കുമെന്നും പോക്‌സോ കേസ് അടക്കം ചുമത്തുമെന്നും എസ് ഐ പറഞ്ഞു. ശനിയാഴ്ച ആയതിനാൽ ജാമ്യം പോലും ലഭിക്കില്ലെന്നാണ് എസ് ഐ പറഞ്ഞത്. പിന്നാലെയാണ് ഭയന്ന് പണം നൽകാൻ തീരുമാനിച്ചതെന്നും ഔസേപ്പ് പറഞ്ഞു.
പരാതി ഉന്നയിച്ച ആളുമായി സംസാരിച്ചപ്പോഴാണ് അഞ്ച് ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടത്. ഇതിൽ മൂന്ന് ലക്ഷം രൂപ പൊലീസിനും രണ്ട് ലക്ഷം രൂപമാത്രമേ തനിക്ക് കിട്ടുകയുള്ളൂവെന്നുമാണ് പരാതിക്കാരൻ പറഞ്ഞത്. തന്റെ വീട്ടിൽവെച്ചാണ് പരാതിക്കാരന് പണം നൽകിയത്. പണം കിട്ടിയതിന് പിന്നാലെ പരാതി ഇല്ലെന്ന് എസ് ഐയെ കണ്ട് പരാതിക്കാരൻ പറഞ്ഞതിന് പിന്നാലെയാണ് മകനേയും ജീവനക്കാരേയും വിട്ടത്. പണം വാങ്ങിയ കാര്യം പൊലീസിന് അറിയാം. നിയമപോരാട്ടം സ്വീകരിക്കുമെന്ന് അറിഞ്ഞതോടെ എസ് ഐ രജീഷ് എത്തി ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഔസേപ്പ് പറഞ്ഞു.
2023 മേയ് 24നായിരുന്നു സംഭവം. സംഭവത്തിന് ശേഷം എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എതിരായിട്ടും സംഭവം നടന്ന് ഒരു മാസത്തിനകം എസ് ഐക്ക് പ്രൊമോഷൻ ലഭിച്ചെന്നും ഔസേപ്പ് പറഞ്ഞു. നിരവധി കാരണങ്ങൾ ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങൾ നൽകാതിരിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. ഒന്നര വർഷത്തെ നിയമ പോരാട്ടം നടത്തിയാണ് ഔസേപ്പ് പൊലീസ് സ്റ്റേഷന് അകത്തെ ദൃശ്യങ്ങൾ നേടിയത്. വിവരാവകാശ നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൊലീസ് സ്റ്റേഷന് അകത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത് ഇദ്ദേഹത്തിനാണ്. എസ് ഐയെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഔസേപ്പ്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ മർദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മറ്റൊരു കസ്റ്റഡി മർദന ദൃശ്യം പുറത്തുവരുന്നത്. തൃശൂർ സിറ്റി പൊലീസിന് കീഴിലുള്ള രണ്ടാമത്തെ സ്റ്റേഷനിലെ പൊലീസ് മർദന ദൃശ്യമാണ് ഇതോടെ പുറത്തുവരുന്നത്.
Content Highlights: Police demanded bribe after beating; Serious allegations against Peechi police