
കൊച്ചി: രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെന്നും തനിക്ക് രാഷ്ട്രീയമെന്നത് സേവനമാണെന്നും തുറന്ന് പറഞ്ഞ് മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി ശോഭന. ഒരു രാഷ്ട്രീയക്കാരനെ വിവരിക്കുകയാണെങ്കിൽ അത് സേവനമെന്നാണെന്നും നടി ശോഭന പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ ഓണശോഭയിൽ എന്ന ഓണം സ്‌പെഷ്യല്‍ അഭിമുഖത്തിൽ റിപ്പോര്‍ട്ടര്‍ ടി വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനോട് സംസാരിക്കുകയായിരുന്നു ശോഭന. 'ഞാൻ ഒരു ആർട്ടിസ്റ്റായതിനാൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എനിക്ക് പരിമിതികൾ ഉണ്ടെ'ന്നും ശോഭന വ്യക്തമാക്കി. സേവനങ്ങൾ ചെയ്യാൻ ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകണമെന്നില്ലലോ എന്ന സ്മൃതി പരുത്തിക്കാടിൻ്റെ ചോദ്യത്തിന് വേണങ്കിൽ അങ്ങനെ വെക്കാമെന്നും ശോഭന മറുപടി പറഞ്ഞു.
സുരേഷ് ഗോപി നല്ല സുഹ്യത്തായതിനാലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നതെന്നും ബിജെപിയിലേക്ക് ആണോ എന്നത് ചോദ്യചിഹ്നമായി തന്നെ നിൽക്കട്ടെയെന്നും ശോഭന പറഞ്ഞു.
പുതിയ ഡയറക്ടേഴ്സിനെയും എഴുത്തുകാരെയും കേൾക്കുമെന്നും ഇപ്പോൾ പഴയത് പോലെയല്ല സ്ക്രിപ്റ്റുകൾ വാട്സ്ആപ്പ് വഴി അയച്ചു തരുമെന്നും ശോഭന പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് കണ്ടറ്റ് ഉണ്ടാകുന്നത് തനിക്ക് ഇഷ്ടമല്ലയെന്നും ശോഭന പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നടി ശോഭന പറഞ്ഞിരുന്നു. തിരക്കഥാകൃത്തുക്കളോട് സംസാരിച്ചുവെന്നും അത്തരമൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും ശോഭന പറഞ്ഞു. 'എനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യണമെന്നുണ്ട്. ഒന്നു രണ്ട് തിരക്കഥാകൃത്തുക്കളോട് ചോദിച്ചു. അങ്ങനെയൊന്നും ആക്‌സപ്റ്റ് ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. മമ്മൂക്കയെ ആക്‌സപറ്റ് ചെയ്തില്ലെയെന്ന് ഞാന്‍ ചോദിച്ചു. ഐ ആം വെയ്റ്റിങ്. അങ്ങനെയൊരു വേഷം വരുമ്പോള്‍ രൂപത്തില്‍ മാറ്റം ചെയ്യണം. ഇത് വലിയ വെല്ലുവിളിയാണ്. അത് ചെയ്യണം', ശോഭന പറഞ്ഞു.
മമ്മൂട്ടിയുടെ കാതല്‍ ദ കോര്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായവും ശോഭന പങ്കുവെച്ചു. മമ്മൂക്ക ഫൻ്റാസ്റ്റിക് നടനാണെന്നും അതുകൊണ്ട് മമ്മൂക്കയുടെ സിനിമയില്‍ എന്താണ് അത്ഭുതമെന്നും ശോഭന പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ റോള്‍ ചെയ്തു. അതാണ് ഒരു ആക്ടറിന്റെ ജോലിയെന്നും മമ്മൂട്ടിയുടെ ഹോമോസെക്ഷ്വല്‍ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ശോഭന മറുപടി നല്‍കി.
Content Highlights: Actress Shobhana said that politics is a service to her