പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം: വീട്ടുടമ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മൂത്താംതറ സ്‌കൂളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സംശയം

പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം: വീട്ടുടമ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
dot image

പാലക്കാട്: പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി സുരേഷ് കിണര്‍ കുഴിക്കല്‍ ജോലിക്കാരനാണെന്ന് പൊലീസ് അറിയിച്ചു. മൂത്താംതറ സ്‌കൂളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. സംഭവത്തില്‍ ഫാസില്‍, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവര്‍ കസ്റ്റഡിയിലാണ്. സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാരക സ്ഫോടന വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്.

24 ഇലക്ട്രിക് ഡിറ്റനേറ്റര്‍, അനധികൃതമായി നിര്‍മ്മിച്ച 12 സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് പിടികൂടിയത്. സുരേഷ് ബിജെപി പ്രവര്‍ത്തകന്‍ എന്നാണ് സൂചന. നേരത്തെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ പത്ത് വയസ്സുകാരന് പരിക്കേറ്റിരുന്നു. മൂത്താന്‍ത്തറ ദേവി വിദ്യാനികേതന്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണ് ഇത്. സ്‌കൂള്‍ പരിസരത്ത് കളിക്കാനെത്തിയ കുട്ടിക്കായിരുന്നു പന്നിപ്പടക്കം ലഭിച്ചത്.

ഇത് കുട്ടി കല്ല് ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ സാധനം കളയാന്‍ ആവശ്യപ്പെട്ടു. ഇത് എറിഞ്ഞ് കളയുന്നതിനിടെ ഉഗ്രസ്‌ഫോടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതെന്ന് അന്നുതന്നെ ഡിവൈഎഫ്‌ഐ ആരോപിച്ചിരുന്നു. സ്ഫോടക വസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെയാണെന്ന് വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗണേശ മഹോത്സവത്തോടനുബന്ധിച്ച് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം നടന്നുവെന്നായിരുന്നു ബിജെപി വാദം.

Content Highlights: Suresh Arrested in Explosives found in house in Kallekkad, palakkad

dot image
To advertise here,contact us
dot image