
തൃശ്ശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. കാക്കിയിട്ട ക്രിമിനലുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. സുജിത്തിന് മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം. ഇവര്‍ക്ക് പൊലീസ് സേനയില്‍ തുടരാന്‍ അര്‍ഹതയില്ല. പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചാണ് സംഭവം നടന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി.
പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തു.
സുജിത്ത് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടര്‍ന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാവാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Sunny Joseph demands dismissal of police officers who beat Sujith