പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ അവധിക്ക് അപേക്ഷിച്ച് അനിൽകുമാർ; അംഗീകരിക്കാതെ വി സി

സസ്‌പെന്‍ഷനിലുള്ള ആള്‍ക്ക് അവധി എന്തിനെന്ന് വി സിയുടെ പരിഹാസം

പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ അവധിക്ക് അപേക്ഷിച്ച് അനിൽകുമാർ; അംഗീകരിക്കാതെ വി സി
dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വീണ്ടും നാടകീയ നീക്കം. പുതിയ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിനെ നിയമിച്ചതിന് പിന്നാലെ അവധിക്ക് അപേക്ഷിച്ച് സസ്‌പെന്‍ഷനിലുള്ള ഡോ. കെ എസ് അനില്‍കുമാര്‍. ഈ മാസം 20 വരെയാണ് അവധിക്ക് അപേക്ഷ നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയെടുക്കുന്നു എന്നായിരുന്നു അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ അനില്‍കുമാറിന്റെ അപേക്ഷ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അംഗീകരിച്ചില്ല. സസ്‌പെന്‍ഷനിലുള്ള ആള്‍ക്ക് അവധി എന്തിനെന്ന് ചോദിച്ച് പരിഹസിക്കുകയാണ് വി സി ചെയ്തത്. അതേസമയം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായി രശ്മി ചുമതലയേറ്റു.

ഇന്നലെ ചേര്‍ന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായിരുന്ന മിനി കാപ്പനെ മാറ്റിയത്. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍ നിന്ന് മിനി കാപ്പനെ മാറ്റണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിന്‍ഡിക്കറ്റ് അറിയാതെ വി സി സ്വന്തം നിലയ്ക്ക് നിയമിച്ച അനധികൃത രജിസ്ട്രാറാണ് മിനി കാപ്പനെന്നായിരുന്നു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ വാദം. മിനി കാപ്പനെതിരെ ഇടത് അംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മിനി കാപ്പനെ തല്‍സ്ഥാനത്ത് നിന്ന് വി സി മാറ്റിയത്. തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാറായിരുന്ന ആര്‍ രശ്മിക്ക് പകരം ചുമതലയും നല്‍കി.

നേരത്തെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചിരുന്നു. പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വി സിക്ക് കത്ത് നല്‍കിയത്. സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ചുമതലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം.

രജിസ്ട്രാര്‍ മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശ പ്രകാരം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 'അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍' എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാര്‍ എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു.

ഇതിന് പിന്നാലെ സര്‍വകലാശാലയില്‍ നടന്നത് അസാധാരണ നടപടികളായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പന് വിസി രജിസ്ട്രാറുടെ പകരം ചുമതല നല്‍കി. ഒടുവില്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുകയും അനില്‍കുമാറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. അനില്‍കുമാര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

Content Highlights- VC Mohanan Kunnummal reject leave application of Dr. K S Anilkumar

dot image
To advertise here,contact us
dot image