
തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത് ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കുന്നംകുളത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഭയാനകമാണെന്നും കേരളം ഇതുവരെ കാണാത്ത ദൃശ്യങ്ങളാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. റീല്‍സ് എടുത്ത് സമൂഹമാധ്യമങ്ങളില്‍ നന്മമരങ്ങളായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനുളളില്‍ നീചന്മാരായി പെരുമാറുകയാണെന്നും തോന്ന്യാസത്തിന്റെ അങ്ങേയറ്റമാണ് പൊലീസുകാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.
'കൂട്ടുകാരുമായി ഒന്നിച്ചിരുന്ന് മദ്യപിച്ചു എന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. സ്‌റ്റേഷന് അകത്തുവെച്ച് എസ് ഐ, സിപിഒമാര്‍ ഉള്‍പ്പെടെ ക്രൂരമായി മര്‍ദനം അഴിച്ചുവിട്ടു. പൊലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ട സമയം വേറെയില്ല. വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായി. രണ്ട് വര്‍ഷമായി എഫ് ഐ ആറില്‍ ഇതുവരെ ഒരു ചാര്‍ജ് ഷീറ്റ് പോലും സമര്‍പ്പിക്കാന്‍ പൊലീസിനായില്ല. മനപ്പൂര്‍വ്വമായ കളളക്കേസാണിത്. സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ തരാന്‍ മടിച്ചു'- അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിന് ഭാഗികമായ നീതി മാത്രമാണ് കിട്ടിയിട്ടുളളതെന്നും മണ്ഡലം തലം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂര മർദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാൻ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് ജീപ്പിൽ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നും സുജിത്ത് പറഞ്ഞു.
'മർദനത്തിന് പിന്നാലെ ഇടത് ചെവിക്ക് കേൾവി പ്രശ്നം നേരിട്ടു. എസ് ഐയുടെ നിർദേശപ്രകാരമാണ് പൊലീസുകാർ മർദിച്ചത്. പാർട്ടി പ്രവർത്തകനായതിനാലാകാം എന്നെ മർദിച്ചത്. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പറയുന്നത് കേൾക്കാൻ പൊലീസ് തയ്യാറായില്ല. സിസിടിവിയിൽ കാണുന്നതിന് പുറമെ കെട്ടിടത്തിന്റെ മുകൾ നിലയിൽ കൊണ്ടുപോയി മർദിച്ചു. ചുമരിനോട് ചേർത്ത് ഇരുത്തി കാൽ നീട്ടിവെപ്പിച്ച് കാലിനടിയിൽ ലാത്തികൊണ്ട് തല്ലി. തല്ലിയതിന് ശേഷം നിവർന്ന് നിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. മജിസ്‌ട്രേറ്റിന് മുന്നിലാണ് പൊലീസ് മർദനത്തെകുറിച്ച് തുറന്നു പറഞ്ഞതെന്നും ശരീരം മോശം അവസ്ഥയിലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പൊലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുത്തു.
Content Highlights: All four policemen should be expelled from force says abin varkey on v s sujith issue