
പത്തനംതിട്ട: നിരണത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും രണ്ടുമക്കളെയും കാണാതായെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് മാത്യൂവിനെ വൈകിട്ട് നാലരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പാണ് അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അനീഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.
റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പൊലീസില്‍ അറിയിച്ചത്.
അനീഷ് മാത്യൂ ജീവനൊടുക്കാന്‍ കാരണം മാനസിക പീഡനമാണെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചു. ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ് തിരിച്ചയച്ചിരുന്നതെന്നും നീതു പറഞ്ഞു. നാലോ അഞ്ചോ പൊലീസുകാര്‍ ചുറ്റും നിന്ന് ചോദ്യം ചെയ്തിരുന്നു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടന്നിരുന്നതെന്നും നീതു പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: wife and Children are missing till two weeks Husband Found died At Pathanamthitta