സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം;അനീഷിന്റെ മരണത്തില്‍ പുളിക്കീഴ് പൊലീസ്

റീനയെയും മക്കളെയും പത്തൊമ്പതാം തീയതി കാണാതായി എന്നാണ് അനീഷ് മൊഴി നല്‍കിയത്

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം;അനീഷിന്റെ മരണത്തില്‍ പുളിക്കീഴ് പൊലീസ്
dot image

പത്തനംതിട്ട: പത്തനംതിട്ട നിരണത്ത് അനീഷ് മാത്യൂ ജീവനൊടുക്കിയത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലെ മാനസിക സംഘര്‍ഷത്തിലാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി പുളിക്കീഴ് പൊലീസ്. ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസിക പീഡനം മൂലം അനീഷ് ജീവനൊടുക്കിയതാവാം എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പതിനേഴാം തീയതി ഭാര്യ റീനയെയും മക്കളെയും കാണാതായെങ്കിലും ഇരുപത്തിയൊന്നാം തീയതി മാത്രമാണ് അനീഷ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും അനീഷ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും പുളിക്കീഴ് പൊലീസ് പറയുന്നു.

റീനയെയും മക്കളെയും പത്തൊമ്പതാം തീയതി കാണാതായി എന്നാണ് അനീഷ് മൊഴി നല്‍കിയത്. മാനസിക പീഡനം ഏല്‍പ്പിച്ചിരുന്നില്ല. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമാണ് പൊലീസ് സ്റ്റേഷനിലേക്ക് അനീഷിനെ വിളിച്ചുവരുത്തിയത്. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനീഷ് എന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു.

ഭാര്യയെയും രണ്ടുമക്കളെയും കാണാതായെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് ജീവനൊടുക്കിയതെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അനീഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.

റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പോലീസില്‍ അറിയിച്ചത്.

അനീഷ് മാത്യൂ ജീവനൊടുക്കാന്‍ കാരണം മാനസിക പീഡനമാണെന്നായിരുന്നു നീതു ആരോപിച്ചത്. ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ് തിരിച്ചയച്ചിരുന്നതെന്നുമായിരുന്നു നീതുവിന്റെ ആരോപണം.

Content Highlights: Pathanamthitta Aneesh Mathew Death pulikeezhu Police Reaction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us