
കോഴിക്കോട്: രാജ്യത്തെ മുസ്‌ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആശങ്ക അകറ്റാന്‍ മുന്നോട്ടുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. വിഷയത്തെകുറിച്ച് ആലോചിക്കുകയും വിവരമുള്ള ആളുകളോട് ചോദിച്ചറിയുകയും വേണം. അതിനനുസരിച്ച് മാത്രം എല്ലാവരും പ്രവർത്തിച്ച് മുന്നോട്ടുപോകണം. വഖഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുക്കളിൽ ആശങ്ക പ്രകടിപ്പിച്ച് നേരത്തേയും കാന്തപുരം രംഗത്ത് വന്നിരുന്നു. വിവാദമായ കേന്ദ്ര സർക്കാരിന്റെ വഖഫ് ബില്ലിനെതിരെയായിരുന്നു കാന്തപുരം നേരത്തെ രംഗത്ത് വന്നത്. രാജ്യത്തിന്റെ ബഹുസ്വരത, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നായിരുന്നു കാന്തപുരം പ്രതികരിച്ചത്.
ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശ ലംഘനമാണ് ബില്ലിലൂടെ നടപ്പാക്കുന്നത് മതവിശ്വാസി സമൂഹങ്ങള്‍ക്കിടയിൽ വിവേചനവും അനീതിയും തീർക്കുന്നതാണ് ബിൽ. രാജ്യത്തെ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലാതാക്കാനുമുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Kanthapuram A P Aboobacker Musliyar says the Muslim community in the country is worried about losing waqf property