
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയുടെ മരണത്തില്‍ ഭര്‍ത്താവ് ജയകുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. പൊലീസ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീജയുടെ മരണത്തിന് പിന്നിൽ സിപിഐഎം അധിക്ഷേപമാണെന്ന ആരോപണം ശക്തമാണ്.
ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. 26-ന് രാവിലെയാണ് ശ്രീജയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിന് പലരില്‍ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീജയ്ക്ക് ഉണ്ടായിരുന്നു. കെഎസ്എഫ്ഇയില്‍ നിന്ന് ലോണ്‍ എടുത്ത് കടം വീട്ടാന്‍ കുടുംബം തീരുമാനിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് വാര്‍ഡ്മെമ്പറായ ശ്രീജയെ ഈ കടത്തിന്റെ പേര് പറഞ്ഞ് സിപിഐഎം പണം തട്ടിപ്പ് കാരിയായി ചിത്രീകരിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. ശ്രീജയ്ക്കെതിരെ ആര്യനാട് ജംഗ്ഷനില്‍ വച്ച് സിപിഐഎം പ്രതിഷേധ യോഗം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നും ആരോപണമുണ്ടായിരുന്നു.
Content Highlights: Ward member Sreeja's death family files complaint to DGP