
കണ്ണൂർ: കണ്ണപുരത്തുണ്ടായ സ്‌ഫോടനത്തിൽ കേസെടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് വീട് വാടകയ്ക്കെടുത്തത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016-ൽ നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതിയാണിയാൾ.
മരിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നത് ഉചിതമല്ലെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു. കൃത്യമായ അന്വേഷണം നടക്കണം. പ്രതി മുൻപും സമാനമായി സ്ഫോടക വസ്തുക്കൾ നിർമിച്ചിട്ടുണ്ട്. ആരാണ് എന്താണ് ചെയ്തത് എന്നറിയാത്ത അവസ്ഥയാണ്. മുക്കിലും മൂലയിലും ബോംബ് പൊട്ടി സാധാരണക്കാർക്ക് പരിക്കേൽക്കുകയാണ്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണിതെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു. അനൂപ് എന്തിന് ബോംബ് നിർമിച്ചുവെന്നും ആർക്ക് കൊടുത്തു എന്നും അന്വേഷിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകൻറെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം നടന്നത്. എന്നാൽ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നും സൂചനയുണ്ട്.
Content Highlights: Police register case in Kannapuram blast