റിപ്പോര്‍ട്ടര്‍ ടിവി തൃശ്ശൂര്‍ ബ്യൂറോ ആക്രമണം; രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചന്ദ്രൻ റിമാന്‍ഡില്‍

റിപ്പോര്‍ട്ടര്‍ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ കേസില്‍ ആറുപേർക്കെതിരെ പൊലീസ് ജാമ്യമില്ല കുറ്റം ചുമത്തിയിട്ടുണ്ട്

റിപ്പോര്‍ട്ടര്‍ ടിവി തൃശ്ശൂര്‍ ബ്യൂറോ ആക്രമണം; രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചന്ദ്രൻ റിമാന്‍ഡില്‍
dot image

തൃശൂർ: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തിലെ രണ്ടാം പ്രതി റിമാന്‍ഡില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രനാണ് റിമാന്‍ഡിലായത്. തേക്കിന്‍കാട് മൈതാനത്തില്‍ നിന്നുമായിരുന്നു വിഷ്ണു ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ടര്‍ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ കേസില്‍ ആറുപേർക്കെതിരെ പൊലീസ് ജാമ്യമില്ല കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റിലായ ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹനെ പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.

റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ വാർത്തകൾ പുറത്ത് വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഓഫീസ് ആക്രമിച്ചതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഒന്നു മുതൽ ആറ് വരെ പ്രതികളായ മിഥൻ മോഹൻ, വിഷ്ണു ചന്ദ്രൻ, കെ സുമേഷ്, സൗരാ​ഗ്, നിഖിൽ ദേവ്, അമൽ ജയിംസ് എന്നീ പ്രതികൾ റിപ്പോർട്ടർ ടി വിയുടെ തൃശൂർ ബ്യൂറോ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് ഓഫീസിന്റെ പ്രവേശന ഭാഗത്ത് കരിഓയിൽ ഒഴിക്കുകയും, ഓഫീസ് ഡോറിന് കേടുപാടുകൾ വരുത്തി നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. റിപ്പോർട്ടർ ടി വിയുടെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസ്സിൻ്റെ കൊടി നാട്ടുകയും ചെയ്തുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ന് രാവിലെയായിരുന്നു റിപ്പോര്‍ട്ടറിന്റെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം നടന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ കൊടി നാട്ടുകയാണ് ചെയ്തത്. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിപ്പോര്‍ട്ടറിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ അപലപിച്ച് കെയുഡബ്ല്യുജെ അടക്കം രംഗത്തെത്തി. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ആണെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റെജി പറഞ്ഞു. എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കുന്നതിന് നിയമമുണ്ട്. അതിന് പകരം കയ്യൂക്കിന്റേയും അതിക്രമത്തിന്റേയും വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചാല്‍ അത് അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റെജി പറഞ്ഞു. സംസ്‌കാര ശൂന്യമായ നടപടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അഭിപ്രായപ്പെട്ടു.

Content Highlight; Reporter TV Thrissur bureau attack; Second accused Vishnu Chandran in remand

dot image
To advertise here,contact us
dot image