യുഎഇ വേദിയാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്; ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാകും

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഏഴ് മത്സരങ്ങളുടെ ഒറ്റ പാക്കേജായാണ് ലഭ്യമാകുക

യുഎഇ വേദിയാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്; ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാകും
dot image

യുഎഇ വേദിയാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭ്യമാകും. പ്ലാറ്റിനംലിസ്റ്റ്.നെറ്റ് (Platinumlist.net) എന്ന വെബ്‌സൈറ്റില്‍ ഗള്‍ഫ് സമയം വൈകുന്നേരം അഞ്ച് മണി മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുകയെന്ന് സംഘാടകര്‍ അറിയിച്ചു.

അബുദാബിയിലെ മത്സരങ്ങള്‍ക്ക് 40 ദിര്‍ഹം മുതലും ദുബായിലെ മത്സരങ്ങള്‍ക്ക് 50 ദിര്‍ഹം മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഏഴ് മത്സരങ്ങളുടെ ഒറ്റ പാക്കേജായാണ് ലഭ്യമാകുക. ഇതിന് 1,400 ദിര്‍ഹം മുതലാണ് തുക. പാക്കേജ് പ്രകാരം ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരത്തിന് പുറമെ യുഎഇയുടെ മത്സരവും കാണാന്‍ സാധിക്കും. കൂടാതെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ നാല് മത്സരങ്ങളും ഫൈനല്‍ മത്സരവും കാണാന്‍ സാധിക്കും.

ഏഴ് മത്സരങ്ങളടങ്ങിയ ടിക്കറ്റ് പാക്കേജില്‍ ഉള്‍പ്പെടാത്ത മറ്റ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് ആരാധകര്‍ക്ക് പ്രത്യേകം ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെയും അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ഓഫീസുകള്‍ വഴിയും വരും ദിവസങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. ടൂര്‍ണമെന്റില്‍ ജിസിസിയില്‍ നിന്നും ഒമാനും യുഎഇയും ആണ് മത്സരത്തിന് ഇറങ്ങുന്നത്. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക.

Content Highlights: Asia Cup in UAE: Tickets to go on sale from 5pm today

dot image
To advertise here,contact us
dot image