കേരളത്തിലെ ടാലൻ്റ് പൂളിൽ 172% വളർച്ച, തൊഴിലാളി ശക്തിയിൽ 37% വനിതകൾ; ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്‌സ് റിപ്പോർട്ട്

കേരള രാജ്യത്തെ ഒൻപതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനം

കേരളത്തിലെ ടാലൻ്റ് പൂളിൽ 172% വളർച്ച, തൊഴിലാളി ശക്തിയിൽ 37% വനിതകൾ; ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്‌സ് റിപ്പോർട്ട്
dot image

കൊച്ചി: കേരളത്തിന്റെ തൊഴിലാളി ശക്തിയിൽ ധ്രുതഗതിയിലുള്ള വളർച്ചയുണ്ടായതായി ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്‌സ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ ടാലന്റ് പൂൾ 172 ശതമാനം വളർച്ച കൈവരിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഒൻപതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സ്‌കിൽ കേരള ഗ്ലോബൽ സമിറ്റ് വേദിയിൽ പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ പ്രൊഫഷണലുകളും സോഫ്റ്റ്‌വെയർ എഞ്ചിനീയർ, അക്കൗണ്ടന്റ്, അധ്യാപന മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

കേരളത്തിന്റെ തൊഴിലാളി ശക്തിയിൽ 37 ശതമാനം വനിതകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരിയായ 30 ശതമാനത്തെ അപേക്ഷിച്ച് കൂടുതലാണിത്. വിദേശരാജ്യങ്ങളിൽ നിന്ന് പ്രധാനമായും ഗൾഫ് മേഖലകളിൽനിന്ന് സ്കിൽഡ് പ്രൊഫഷണലുകൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. യുഎഇയിൽ നിന്നുമാത്രം 52 ശതമാനം പേർ തിരിച്ചെത്തിയതായി കണ്ടെത്തലുണ്ട്. ബിസിനസ് ഓപ്പറേഷൻസ്, ഫിനാൻസ്, സംരംഭകത്വം എന്നീ മേഖലകളിൽ അനുഭവ സമ്പത്തുള്ളവരാണ് ഇത്തരത്തിൽ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര കുടിയേറ്റവും കേരളത്തിലെ ഇന്നൊവേഷൻ, ടെക്നോളജി മേഖലകൾക്ക് പുതിയ ശക്തി പകരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC), നോളജ് ഇക്കണോമി മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് നൈപുണി വികസനത്തിന് വലിയ ഊന്നൽ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനാലിസിസ്, ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയ മേഖലകലിലെ ഡിജിറ്റൽ, പ്രൊഫഷണൽ പരിശീലനങ്ങളിൽ പങ്കാളിത്തം ഇരട്ടിയായി. ഐ ടി സർവീസസ്, ഫിനാൻസ്, ഹെൽത്ത്കെയർ, മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ കേരളം ദേശീയ തലത്തിലുള്ള നിയമന പാറ്റേണുമായി പൊരുത്തപ്പെടുന്നുവെങ്കിലും, ബയോടെക്നോളജി, ഓട്ടോമേഷൻ, അഡ്വാൻസ്ഡ് അനാലിറ്റിക്‌സ് എന്നീ മേഖലകളിൽ സംസ്ഥാനത്തിന് ഇനിയും വലിയ സാധ്യതകളുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2030ഓടെ നിലവിലുള്ള കോർ ജോബ് സ്‌കില്ലുകളിൽ 39 ശതമാനം വരെ മാറ്റംവരുകയോ അപ്രസക്തമാകുകയോ ചെയ്യുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നൈപുണി പുനർ വികസനത്തിന്റെ അടിയന്തര പ്രധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. സ്‌കിൽ കേരള സമ്മിറ്റിന്റെ ഉദ്ഘാടന വേദിയിൽവച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

Content Highlights: Kerala's professional talent pool grows 172 percent in five years

dot image
To advertise here,contact us
dot image