
കുറേപേർക്കെങ്കിലും ഒരു കപ്പ് കാപ്പി രാവിലെ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം ഒരു സുഖമില്ലാത്ത അവസ്ഥയായിരിക്കും. കാപ്പി കുടിക്കുമ്പോഴുള്ള ഉന്മേശവും സംതൃപ്തിയും മാത്രമല്ല, രാവിലെ ഉഗ്രനൊരു കാപ്പി കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ആദ്യമേ പറയട്ടെ ചായയായാലും കാപ്പിയായാലും അമിതചൂടോടെ കുടിക്കുന്നത് അന്നനാളത്തിന് ഹാനികരമാണ്.
ഇനി കാപ്പിയുടെ പ്രത്യേകത പറയാം.. യൂറോപ്യൻ ഹാർട്ട് ജേർണലിൽ വന്ന പഠനത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. യുഎസിലെ നാൽപതിനായിരത്തിലധികം ആളുകളിൽ നടത്തിയ സർവേയുടെ വിവരങ്ങളാണ് ഇതിലുള്ളത്. ഉച്ചയ്ക്ക് മുമ്പ് കാപ്പി കുടിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഏത് കാരണം മൂലവും നിങ്ങൾ മരിക്കാനുള്ള സാധ്യത 16 ശതമാനത്തോളം കുറവാണ്. മാത്രമല്ല നിങ്ങൾ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം മരിക്കാനുള്ള സാധ്യത 31 ശതമാനത്തോളവും കുറവാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. ജീവിതത്തിൽ കാപ്പിയെ കുടിക്കാത്തവരുമായി താരതമ്യം ചെയ്തുള്ള കണക്കാണിത്. മറ്റൊരു കാര്യം ദിവസം മുഴുവൻ കാപ്പി കുടിക്കുന്നവർ ഇതിൽ ഉൾപ്പെടില്ല.
എന്താണ് സമയത്തിന് ഇത്ര പ്രാധാന്യമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവുമല്ലേ? ഇത് ശരീരത്തിലെ സിർകാർഡിയൻ റിഥവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒരു ദിവസം അവസാനിക്കാറാവുമ്പോൾ കാപ്പി കുടിക്കുന്നത് ഉറക്കത്ത ബാധിക്കുമെന്ന് മാത്രമല്ല, മെലറ്റോണിൻ അളവ് കൂട്ടുകയും ഇത് അമിത രക്തസമ്മർദത്തിന് വഴിതെളിയിക്കുകയും ചെയ്യും. പ്രായമായവരിൽ ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതേസമയം രാവിലെ മാത്രമായി കോഫി കുടിക്കുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ അത് ആരോഗ്യത്തിന് മുതൽക്കൂട്ടാണ്.
കുടിക്കുന്ന കാപ്പിയുടെ അളവ്, എത്രമാത്രം ഉറക്കം ലഭിക്കുന്നു എന്നതെല്ലാം പരിശോധിക്കുമ്പോൾ രാവിലെ കാപ്പി കുടിക്കുന്ന ശീലം വളരെ നല്ലതാണെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്ന് ലണ്ടനിലെ റോയൽ ബ്രോംപ്ടൺ ആൻഡ് ഹെയർഫീൽഡ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർ തോമസ് എഫ് ഫഷർ വ്യക്തമാക്കുന്നു. ഇങ്ങനെ രാവിലെ കാപ്പി കുടിക്കുന്ന ശീലം ഹൃദയത്തിന്റെ ആരോഗ്യം മാത്രമല്ല, മറ്റ് പല ഗുണങ്ങൾക്കും കാരണമാകുന്നുണ്ടെന്നും പുത്തൻ പഠനം വ്യക്തമാക്കുന്നു. ടൈപ്പ് 2 ഡയബറ്റീസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം കരൾ, കുടൽ കാൻസറുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കാൻ ഈ കോഫി ശീലത്തിന് കഴിയുമെന്നാണ് പഠനം പറയുന്നത്.
ഇനി ശ്രദ്ധിക്കേണ്ടത് കാപ്പി കുടിക്കുന്നത് അമിതമാകരുതെന്നതാണ്. പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം മൂന്ന് നാല് കാപ്പിയൊക്കെ കുടിക്കുന്നതിൽ വലിയ തെറ്റില്ല, ഏകദേശം നാനൂറ് മില്ലിഗ്രാമോളം കഫീൻ ഒരു ദിവസം ശരീരത്തിലെത്തുന്നതാണ് നല്ലത്. അമിതമായ കഫീൻ ശരീരത്തിലെത്തിയാൽ, അത് ഉത്കണ്ഠ, ദഹനക്കേട്, ഉറക്കകുറവ് എന്നിവയ്ക്ക് കാരണമാകും.
കഫീൻ അളിവിൽ മാത്രമല്ല കോഫിയുടെ പ്രാധാന്യം, ഡീകാഫ് കോഫികൾ ലിവറിന് നല്ലതാണ്. ഇത് ലിവർ സംബന്ധമായ അസുഖങ്ങൾ കുറയാൻ കാരണമാകും. മാത്രമല്ല ലിവർ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. അതായത് കോഫിയിലെ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യത്തിന് മികച്ചതാണെന്ന് സാരം. ഇനി തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സംശയമുള്ളവർക്കും ആശ്വാസമാണ് കാപ്പി കുടിക്കുന്ന ശീലം. ഇത് ന്യൂറോജനറേറ്റീവ് പ്രശ്‌നങ്ങളായ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം എന്നിവയിൽ നിന്നും സംരക്ഷണം നൽകുമെന്നാണ് പറയുന്നത്.
Content Highlights: Do you have a habit of drinking coffee before noon, then check out this