'പഴമുറം കൊണ്ട് സൂര്യനെ തടുക്കാൻ കഴിയില്ല';റിപ്പോർട്ടർ ടി വി തൃശൂർ ബ്യൂറോ ഓഫീസ് അതിക്രമത്തെ അപലപിച്ച് മന്ത്രി

വാർത്തകൾ അങ്ങനെയൊന്നും തടഞ്ഞു വെക്കാൻ കഴിയില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു

'പഴമുറം കൊണ്ട് സൂര്യനെ തടുക്കാൻ കഴിയില്ല';റിപ്പോർട്ടർ ടി വി തൃശൂർ ബ്യൂറോ ഓഫീസ് അതിക്രമത്തെ അപലപിച്ച് മന്ത്രി
dot image

ന്യൂഡൽഹി: റിപ്പോർട്ടർ ടിവിക്ക് എതിരായ യൂത്ത് കോൺഗ്രസ് അതിക്രമത്തിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ശക്തമായ നടപടിയും നിലപാടും വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമം ഒരു കാര്യം പറഞ്ഞാൽ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പുറകോട്ട് കൊണ്ടുപോകാൻ കഴിയില്ല. പഴമുറം കൊണ്ട് സൂര്യനെ തടുക്കാൻ കഴിയില്ല. വാർത്തകൾ അങ്ങനെയൊന്നും തടഞ്ഞു വെക്കാൻ കഴിയില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഏതെങ്കിലും ഭാഗത്തുനിന്ന് അത്തരത്തിൽ അതിക്രമമുണ്ടായപ്പോഴെല്ലാം ഇടതുപക്ഷം അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോ രാവിലെയോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബ്യൂറോയിലെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടി നാട്ടി.

മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയിൽ ഒഴിച്ചു. വാതിലിൽ റിപ്പോർട്ടറിനെതിരെ നോട്ടീസ് പതിച്ചു. റിപ്പോർട്ടർ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളാണ് നോട്ടീസിലുള്ളത്. സംഭവത്തിൽ റിപ്പോർട്ടർ ടിവി മുഖ്യമന്ത്രിക്ക് പരാതി നൽകി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സർക്കാരിനോട് റിപ്പോട്ടർ ടിവി ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേ ഇളകിയ സംഘത്തെപ്പോലെ പെരുമാറുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കോൺഗ്രസ് ഇത്രയധികം ജീർണിച്ച ഒരു സംഘടനയാണെന്ന് ബോധ്യമാകുന്ന തരത്തിലുള്ള അനുഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം മാധ്യമ അജണ്ടയാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. സ്വതന്ത്ര മാധ്യമത്തെ സംഘപരിവാറുകാർ എങ്ങനെയാണോ ഭയക്കുന്നത്, അവരെങ്ങനെയാണോ നേരിടുന്നത് ആ കോൺഗ്രസ് നേതൃത്വത്തെ നേരിടാൻ, നിലയ്ക്ക് നിർത്താൻ ഡിവൈഎഫ്ഐ ഇറങ്ങും. നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തെ, സത്യസന്ധമായ മാധ്യമ പ്രവർത്തനത്തെ കേരളത്തിനകത്ത് മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ എല്ലാ പിന്തുണയും ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: k n balagopal against reporter tv attack by youth congress

dot image
To advertise here,contact us
dot image