പ്രവാചക കേശം: '94-ാം വയസിലും വ്യാജം പറയുന്നത് തുടരുന്നു': കാന്തപുരത്തിനെതിരെ ബഹാഉദ്ദീന്‍ നദ്‌വി

പ്രവാചക കേശം സംബന്ധിച്ച കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെയാണ് ബഹാഉദ്ദീന്‍ നദ്‌വി രംഗത്തെത്തിയത്

പ്രവാചക കേശം: '94-ാം വയസിലും വ്യാജം പറയുന്നത് തുടരുന്നു': കാന്തപുരത്തിനെതിരെ ബഹാഉദ്ദീന്‍ നദ്‌വി
dot image

മലപ്പുറം: പ്രവാചക കേശം സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്‌വി രംഗത്ത്. പ്രവാചക കേശം എന്ന കാന്തപുരത്തിന്റെ വാദം വ്യാജമാണെന്ന് ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്നപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി പദവി എന്നതും വ്യാജമാണ്. നബിദിനം അടുക്കുമ്പോഴുള്ള കച്ചവടമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും നദ്‌വി ആരോപിച്ചു. റിപ്പോര്‍ട്ടറിനോടായിരുന്നു നദ്‌വിയുടെ പ്രതികരണം.

'എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കൈവശമുള്ള കേശം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ ചര്‍ച്ചാ വിഷയമായതാണ്. സാമുദായിക, സാംസ്‌കാരിക രംഗത്തടക്കം ചര്‍ച്ചാ വിഷയമായതാണ്. പ്രവാചക തിരുമേനിയുടെ കേശത്തിന് ഇസ്‌ലാമിക കാഴ്ചപ്പാടിയില്‍ പവിത്രതയുണ്ട്. എന്നാല്‍ ആ കേശം ഒരാളുടെ കൈയില്‍ ഉണ്ടെങ്കില്‍ അയാളുടെ കൈവശം അതിന്റെ നിവേദത ശൃംഖല (ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും അയാളില്‍ നിന്ന് വേറെ ഒരാളിലേക്കും കൈമാറുന്നത്) ഉണ്ടാകണമെന്നതാണ് മുസ്‌ലിം ലോകത്ത് അംഗീകരിക്കപ്പെട്ട വ്യവസ്ഥ. അങ്ങനെ ഒരു ശൃംഖല അബൂബക്കര്‍ മുസ്‌ലിയാരുടെ കൈയിലുള്ള കേശത്തില്‍ ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം അത് കൊണ്ടുവന്നത് അബുദാബിയിലുള്ള ഒരു ഖജ്‌റജി കുടുംബത്തില്‍പ്പെട്ട ഒരാളുടെ കൈയില്‍ നിന്നാണ്. അയാളുടെ കൈയില്‍ ഇത്തരത്തില്‍ നിരവധി കേശങ്ങളുണ്ട് എന്ന് കണ്ടെത്തിയതാണ്. കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ അയാളെ സന്ദര്‍ശിച്ചിട്ടുണ്ട്. അയാളുടെ മുടി അവതരണം വ്യാജമാണെന്ന് വ്യക്തമായതാണ്. മുടി മുക്കിയ വെള്ളം എന്ന രീതിയിലും നടന്നത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമായതാണ്. വ്യാജം ചെയ്യുക, പറയുക, പ്രചരിപ്പിക്കുക എന്നത് കാന്തപുരത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. ഇപ്പോള്‍ 94 വയസായിട്ടും അദ്ദേഹം ആ നയത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. മനുഷ്യന്‍ മരണത്തോട് അടുക്കുമ്പോള്‍ വ്യാജം പറയുന്നതില്‍ നിന്ന് സ്വാഭാവികമായി മാറി നില്‍ക്കാറുണ്ട്', ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.

പ്രവാചക കേശവുമായി ബന്ധപ്പെട്ട പുനപ്രസ്ഥാവന നടത്തുന്ന ചടങ്ങിലേയ്ക്ക് അദ്ദേഹം ആനയിക്കപ്പെട്ടത് ഗ്രാന്‍ഡ് മുഫ്തി പദപ്രയോഗത്തിലൂടെയാണ്. അതും വ്യാജമാണെന്ന് നദ്‌വി പറഞ്ഞു. മുസ്‌ലിങ്ങളുടെ വിശ്വാസങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല. വ്യാജ ഗ്രാന്‍ഡ് മുഫ്തിയായി അറിയപ്പെടുന്ന കാന്തപുരം വ്യാജ കേശവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയത് മറുപടി അര്‍ഹിക്കുന്നില്ലെന്നും നദ്‌വി പറഞ്ഞു. കാന്തപുരത്തിന്റെ വ്യാജ നാടകങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശങ്ങള്‍ ഉണ്ടെന്നും നദ്‌വി പറഞ്ഞു. മുടി സൂക്ഷിക്കാന്‍ വലിയ സംവിധാനം ഒരുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 'വ്യാജമുടി ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്' എന്ന പേരില്‍ തങ്ങള്‍ ഒരു പുസ്തകം ഇറക്കിയിരുന്നു. അതേപ്പറ്റി മറുപടി പറയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പുതിയ കാഴ്ചപ്പാട് കൂടിയായിരിക്കും ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. നബിദിനം അടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട കച്ചവട താത്പര്യമാകും പുതിയ പ്രസ്താവനയ്ക്ക് പിന്നിലെന്നും നദ്‌വി പറഞ്ഞു. ദുനിയാവോടുള്ള ഭ്രമം മനുഷ്യന് എത്ര പ്രായമായാലും വിട്ടുപോകില്ല. മൂര്‍ച്ഛിച്ച് വരികയേയുള്ളൂ എന്നും നദ്‌വി പറഞ്ഞു. ഗ്രാന്‍ഡ് മുഫ്തി പദവി ലഭിക്കുന്നത് ചില നാടകങ്ങളിലൂടെയാണെന്നും നദ്‌വി ആരോപിച്ചു. ഡല്‍ഹിയില്‍ പോയി ഒരു സമ്മേളനം നടത്തി ഗ്രാന്‍ഡ് മുഫ്തി പദം വ്യാജമായി നല്‍കപ്പെടുകയാണെന്നും നദ്‌വി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ വലുതായി എന്ന അവകാശവാദം ഉന്നയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്തെത്തിയത്. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കവെയായിരുന്നു കാന്തപുരത്തിന്റെ ഈ പരാമര്‍ശം. 'ശഅ്റ് മുബാറക് (പ്രവാചക കേശം)നമ്മള്‍ കൊണ്ടുവന്ന് വെച്ചതിനേക്കാള്‍ അര സെന്റീമീറ്ററോളം വളര്‍ന്നിട്ടുണ്ട്. അതിനു പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയില്‍ നിന്നുള്ള വെള്ളവും മദീനയിലെ റൗളാ ഷരീഫില്‍ നിന്ന് വടിച്ചെടുക്കുന്ന പൊടികളുമുണ്ട്. അവിടുത്തെ കൈവിരലുകള്‍ ഭൂമിയില്‍ കുത്തിയപ്പോള്‍ പൊങ്ങി വന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേര്‍ത്ത വെള്ളമാണ് നിങ്ങള്‍ക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങള്‍ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുത്. ബഹുമാനത്തോടെ മാത്രമേ ആ വെള്ളത്തെ കാണാവൂ എന്നുമായിരുന്നു കാന്തപുരം പറഞ്ഞത്.

Content Highlights- Bahauddeen nadwi slam kanthapuram ap aboobacker musliyar on his statement about prophets hair

dot image
To advertise here,contact us
dot image