പീഡകർ കുടുംബത്തിൽ നിന്നായാൽ സ്ത്രീകൾക്ക് മറച്ചു വെയ്‌ക്കേണ്ടി വരും; സി കൃഷ്ണകുമാറിനെതിരെ വീണ്ടും പരാതിക്കാരി

പരാതി സംസ്ഥാന നേതാക്കളായ വി മുരളീധരൻ എം ടി രമേശ് എന്നിവരെ അറിയിച്ചിരുന്നുവെന്നും പരാതിക്കാരി കത്തിൽ പറയുന്നു

പീഡകർ കുടുംബത്തിൽ നിന്നായാൽ സ്ത്രീകൾക്ക് മറച്ചു വെയ്‌ക്കേണ്ടി വരും; സി കൃഷ്ണകുമാറിനെതിരെ വീണ്ടും പരാതിക്കാരി
dot image

കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ വീണ്ടും പരാതിക്കാരി. 11 വർഷമായി നിയമത്തിൻ്റെ അജ്ഞത മൂലം നീതി കിട്ടിയില്ലെന്നാണ് പരാതിക്കാരിയുടെ തുറന്ന കത്ത്. പീഡകർ കുടുംബത്തിനുള്ളിൽ നിന്നായാൽ പല പീഡനങ്ങളും സ്ത്രീകൾക്ക് മറച്ചു വയ്ക്കേണ്ടി വരും. പരാതി സംസ്ഥാന നേതാക്കളായ വി മുരളീധരൻ എം ടി രമേശ് എന്നിവരെ അറിയിച്ചിരുന്നുവെന്നും പരാതിക്കാരി കത്തിൽ വ്യക്തമാക്കുന്നു. ഇപ്പോഴും ഭയമാണെന്നും വേട്ടയാടപ്പെടുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് നീതി കിട്ടാതിരിക്കുന്നതിനേക്കാൾ ദയനീയമാണെന്നും പരാതിക്കാരി പറയുന്നു. വളരെയധികം മാനസിക സമ്മർദ്ദത്തിൽ കൂടി കടന്നു പോകുന്ന സമയത്ത് തനിക്ക് നേരിട്ടു വന്ന് പ്രതികരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ തുറന്ന കത്ത്.

പത്രസമ്മേളനം വിളിച്ച് ജഡ്ജ്മെന്റുകൾ ഉരുവിടുന്നയാൾക്ക് ഏതു കേസിന്റെ ജഡ്ജ്മെന്റ് ആണെന്ന് പോലും പറയാൻ സാധിച്ചോയെന്നും അതുപോലും അറിയാതെയാണ് വന്ന് വിളമ്പുന്നതെന്നും അവർ ആരോപിച്ചു. മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കാൻ പോലും സാധിച്ചിട്ടില്ല. 'അദ്ദേഹം പറയുന്നത് ഞാൻ ഒരു അന്യമതസ്ഥന്റെ കൂടെ പോയി എന്നാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാണ് പോയത്. അതൊരു മോശപ്പെട്ടെ കാര്യമാണെങ്കിൽ നിയമം എടുത്തു മാറ്റേണ്ടി വരുമല്ലോ. ആ ബന്ധം നിയമപരമായി വേർപെടുത്തുകയും ചെയ്തു. പിന്നെ അദ്ദേഹം പറയുന്നത് മർദ്ദനത്തിൽ പരിക്കേറ്റതിന്റെ വൂണ്ട് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കിയിട്ടില്ല എന്നാണ്. എനിക്ക് പരുക്കേറ്റതിന്റെ വൂണ്ട് സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്. എന്നെ മർദിച്ച് വലിച്ചിഴച്ചു. വീടിനു പുറത്തുള്ള റോഡിൽ കൊണ്ടിടുമ്പോൾ ഒരു കൂട്ടം ജനങ്ങൾ അവിടുണ്ടായിരുന്നു. മർദ്ദനത്തിൽ ചവിട്ടേറ്റ് എന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു', സുരേഷ്‌ഗോപിയാണ് സർജറിയുടെ മുഴുവൻ തുകയും തന്ന് സഹായിച്ചതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇന്ന് തനിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും ആകില്ലായിരുന്നു. പൊലീസിന്റെ കഴിവില്ലായ്മയും സത്യസന്ധത ഇല്ലായ്മയും രാഷ്ട്രീയ സ്വാധീനവുമെല്ലാം ഈ കേസിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു.

ബിജെപി അനുഭാവി ആയിരുന്ന താൻ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നേതാക്കളായ വി മുരളീധരൻ, എം ടി രമേശ്, ഗോപാലൻ കുട്ടി മാസ്റ്റർ, സുഭാഷ് തുടങ്ങിയവർക്ക് പരാതി കൊടുത്തിരുന്നു. ഈ കാര്യങ്ങൾ എല്ലാം ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും അറിയാം. തനിക്ക് നീതി ലഭിക്കാൻ ശോഭ ശബ്ദമുയർത്തണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. മുൻ സംസ്ഥാന അധ്യക്ഷൻമാരായിരുന്ന വി മുരളീധരനും സുരേന്ദ്രനും ഇദ്ദേഹത്തിന് ഒരു സംരക്ഷണ കവചം തന്നെ തീർത്തിരുന്നു. പൊലീസുകാർ സത്യസന്ധമായി അന്വേഷിക്കും എന്നു വിചാരിച്ചു. അതുണ്ടായില്ല. തന്റെ സങ്കടവുമായി ആദ്യം പോയത് എളമക്കരയിലെ ആർഎസ്എസ് കാര്യാലയത്തിലാണ്. ഗോപാലൻകുട്ടി മാസ്റ്ററും സുഭാഷും തന്ന ആത്മവിശ്വാസവും ഉറപ്പും ചെറുതല്ലായിരുന്നു. എന്നാൽ അവർക്ക് പോലും കൃഷ്ണകുമാറിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തനിക്കും അമ്മയ്ക്കും നീതി ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.

Content Highlights: complaint against bjp state vice president c krishnakumar

dot image
To advertise here,contact us
dot image