
ബഹ്റൈനില്‍ സെക്യൂരിറ്റി ജോലി തസ്തികകള്‍ സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തുന്നതിനുളള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രമേയം അംഗീകരിച്ചാല്‍ സെക്യൂരിറ്റി തസ്തികയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും. അബ്ദുള്‍ വാഹിജ് ഖരാത്തയുടെ നേതൃത്വത്തില്‍ നാല് എം.പിമാരാണ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്തെ സെക്യൂരിറ്റി തസ്തികകള്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഒമാനി പൗരന്‍മാര്‍ക്ക് മികച്ച അവസരമാകുമെന്ന് പ്രമേയത്തില്‍ പറയുന്നു. ഇത്തരം ജോലികള്‍ സ്വദേശിള്‍ക്കായി മാറ്റിവക്കുന്നത് സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
രാജ്യത്തെ തൊഴിലില്ലായ്മ കുറക്കാനും പൊതു സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. തൊഴില്‍ ലഭ്യമാക്കേണ്ടത് രാജ്യത്തിന്റെ കടമയും പൗരന്റെ അവകാശവുമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. തൊഴിലവസരങ്ങളും ന്യായമായ തൊഴില്‍ സാഹചര്യങ്ങളും നല്‍കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 പ്രകാരം സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് എം.പിമാര്‍ വ്യക്തമാക്കി.
സുരക്ഷാ മേഖലയില്‍ സ്വദേശി വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നത് സാമൂഹ്യ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തും. ഇത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിഛായക്കും ഗുണകരമായി മാറുമെന്നും പ്രമേയത്തില്‍ പറയുന്നു. നിലവില്‍ സെക്യൂരിറ്റി തസ്തികയില്‍ നിരവധി പ്രവാസികളാണ് ബഹ്‌റൈനില്‍ ജോലി ചെയ്യുന്നത്. പ്രമേയത്തിന് നിയമന അനുമതി ലഭിച്ചാല്‍ നിരവധി വിദേശീയര്‍ക്ക് ജോലി നഷ്ടമാകും. എം.പിമാര്‍ അവതരിപ്പിച്ച പ്രമേയം പരിശോധനക്കായി പര്‍ലെമെന്റ് സര്‍വീസ് കമ്മിറ്റിക്ക് കൈമാറി.
Content Highlights: A resolution to limit security jobs in Bahrain to nationals has been introduced in Parliament