
മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് നടൻ സംഗീത് പ്രതാപ്. താൻ ഒരുപാട് സിനിമകളുടെ ഫാൻസ് ഷോ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ താനും കൂടി ഭാഗമായ ഒരു ചിത്രം കണ്ടപ്പോൾ സന്തോഷമെന്നും നടൻ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ഹൃദയപൂർവ്വം കണ്ടിറങ്ങിയ ശേഷമാണ് സംഗീത് പ്രതികരിച്ചത്.
'എന്റെ കിളി പോയിട്ടിരുക്കുകയാണ്…ലാലേട്ടന്റെ കുടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം, ഞാന്‍ ഒരുപാട് സിനിമകളുടെ ഫാന്‍സ് ഷോ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഞാനും കൂടി ഭാഗമായ ഒരു ചിത്രം അങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം ഒപ്പം ഇമോഷണലുമാകുന്നുണ്ട്', സംഗീത് പറഞ്ഞു.
അതേസമയം, മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂർവ്വത്തിന് ലഭിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
Content Highlights: Sangeeth Prathap reaction after first show of Hridayapoorvam