തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടം; മരണം ആറായി; മരിച്ചവരിൽ 11 വയസുള്ള പെൺകുട്ടിയും

പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം

തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടം; മരണം ആറായി; മരിച്ചവരിൽ 11 വയസുള്ള പെൺകുട്ടിയും
dot image

കാസര്‍കോട്: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാട ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവർക്കിടയിലേക്കും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം ആറായി. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്‌നയ്ക്ക് പതിനൊന്ന് വയസ് മാത്രമാണ് പ്രായം. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളെന്നാണ് വിവരം.

അമിത വേഗത്തിലെത്തിയ ബസാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറിയത്. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. സര്‍വീസ് റോഡിലൂടെ പേകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നുവെന്നാണ് വിവരം. ബസിന്റെ ടയര്‍ തേഞ്ഞ് തീര്‍ന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ മേഖലയില്‍ ഓടുന്ന ബസുകുടെ അമിതവേഗത വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് പറഞ്ഞു. അമിത വേഗത തന്റെ ശ്രദ്ധയില്‍ പലവട്ടം പെട്ടിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ജില്ലാതല ഡിഡിസിയില്‍ നേരിട്ട് പരാതിപ്പെട്ടതാണ്. എന്നാല്‍ നടപടിയുണ്ടായില്ല. ഡ്രൈവര്‍മാരുടെ അശ്രദ്ധയും വലിയ രീതിയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഇയര്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇവര്‍ ബസ് ഓടിക്കുന്നത്. ശ്രദ്ധിച്ചാല്‍ ഇവരുടെ വായില്‍ പാന്‍പരാഗും കാണാം. തലപ്പാടി അപകടത്തില്‍ ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന സമയം താന്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ മദ്യപിച്ചിരുന്നതായി സംശയം തോന്നിയിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. തലപ്പാടിയിലേത് കൊലപാതകമാണെന്നും എംഎല്‍എ ആരോപിച്ചു.

Content Highlights- Six with 11 years old girl died an accident in thalappady

dot image
To advertise here,contact us
dot image