യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 മരണം

റഷ്യ ഏതാണ്ട് 598 ഡ്രോണുകളും 31 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്

യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 മരണം
dot image

കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. യുക്രെയ്നിൽ റഷ്യ നടത്തിയ കടുത്ത വ്യോമാക്രണങ്ങളിൽ ഒന്നാണ് ഇതെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾ തുടരുന്നതിനിടയിലാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. റഷ്യ ഏതാണ്ട് 598 ഡ്രോണുകളും 31 മിസൈലുകളും യുക്രെയ്ൻ്റെ വിവിധ ഭാ​ഗങ്ങളിലേയ്ക്ക് തൊടുത്തുവെന്നാണ് യുക്രെയ്ൻ എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഇവർ രണ്ട്, പതിനാല്, പതിനേഴ് വയസ്സ് പ്രായമുള്ളവരാണെന്നാണ് കീവ് ന​ഗരത്തിലെ ഭരണകൂടത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇവിടെ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്നും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ റഷ്യ തൊടുത്ത 563 ഡ്രോണുകളും 26 മിസൈലുകളും തകർക്കുകയോ നിർവീര്യമാക്കുകയോ ചെയ്തതായാണ് യുക്രെയ്ൻ വ്യോമസേന അവകാശപ്പെടുന്നത്.

ചർച്ചകൾക്ക് പകരം ബാലിസ്റ്റിക്സ് ആണ് റഷ്യ തെരഞ്ഞെടുക്കുന്നതെന്നായിരുന്നു ആക്രമണത്തിന് ശേഷം എക്സ് പോസ്റ്റിലൂടെയുള്ള യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ പ്രതികരണം. സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും എന്നാൽ ഇപ്പോൾ തത്വാധിഷ്ഠിത നിലപാടുകൾ സ്വീകരിക്കുന്നതിന് പകരം നിശബ്ദത പാലിക്കുന്നവരുമായ എല്ലാവരിൽ നിന്നും പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും സെലൻസ്കി എക്സിൽ കുറിച്ചു. അതേസമയം ഉദ്ദേശിച്ച എല്ലാ ലക്ഷ്യങ്ങളും വിജയകരമായി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസികളായ ഇന്റർഫാക്സും ആർ‌ഐ‌എയും റിപ്പോർട്ട് ചെയ്തു. ഹൈപ്പർസോണിക് 'കിൻസാൽ' മിസൈലുകൾ, ഡ്രോണുകൾ, ഉയർന്ന കൃത്യതയുള്ള വായുവിലൂടെ വിക്ഷേപിക്കുന്ന യുദ്ധോപകരണങ്ങൾ എന്നിവ ഓപ്പറേഷന് ഉപയോ​ഗിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. യുക്രെയ്നിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ, വ്യോമ താവളങ്ങൾ, ഒരു രഹസ്യാന്വേഷണ കപ്പൽ എന്നിവയായിരുന്നു റഷ്യൻ ഓപ്പറേഷൻ്റെ ലക്ഷ്യങ്ങളെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ കിഴക്കൻ യുക്രെയ്‌നിലെ നെലിപിവ്ക എന്ന ഗ്രാമം പിടിച്ചെടുത്തതായും റഷ്യൻ സൈന്യം അവകാശപ്പെടുന്നുണ്ട്. യുദ്ധമുഖത്തെ തന്ത്രപരമായ മുന്നേറ്റമായാണ് റഷ്യ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

‌മിസൈൽ ആക്രമണത്തിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ കെട്ടിടത്തിനും കഴിഞ്ഞ ദിവസം നടന്ന റഷ്യൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ പ്രതിനിധി സംഘത്തിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ്റെ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തി സമാധാന ചർച്ചകളിൽ പങ്കാളികളാകാൻ യൂറോപ്യൻ യൂണിയൻ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയായിരുന്നു ഉർസുല വോണിൻ്റെ ആവശ്യം. യുക്രെയ്ൻ്റെ 102 ഡ്രോണുകൾ കഴിഞ്ഞ ദിവസം വെടിവെച്ചിട്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം റഷ്യയുടെ തെക്ക് പടിഞ്ഞാറ് ഭാ​ഗത്തെയാണ് ലക്ഷ്യമിട്ടതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച വൈറ്റ്ഹൗസിൽ നടന്നതിന് പിന്നാലെയും റഷ്യ യുക്രെയ്നിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്നായിരുന്നു യുക്രേനിയൻ എയർ ഫോഴ്സിൻ്റെ ആരോപണം. 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു റഷ്യൻ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ എയർ ഫോഴ്സ് അറിയിച്ചിരുന്നു. സെലൻസ്കിയും ട്രംപും തമ്മിൽ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഏതാണ്ട് ആയിരത്തിനടുത്ത് ദീർഘദൂര ഡ്രോണുകൾ റഷ്യ യുക്രെയ്നെ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. യുക്രെയ്ൻ്റെ വെടിനിർത്തൽ നിർദ്ദേശവും പുടിനുമായി നേരിട്ട് സംസാരിക്കാമെന്ന സെലൻസ്കിയുടെ നിർദ്ദേശവും അടക്കം നടന്ന് വരുന്ന സമാധാന ചർച്ചകളെ തുരങ്കം വെയ്ക്കുന്നതാണ് പുടിൻ്റെ നീക്കമെന്ന് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും ഇതിന് പിന്നാലെ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: A massive Russian drone and missile assault on Ukrainian capital Kyiv early Thursday killed at least 14 people and injured 48 others

dot image
To advertise here,contact us
dot image