'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു!' ഏഷ്യാ കപ്പ് പ്രൊമോയ്ക്ക് പിന്നാലെ സെവാഗിന് സൈബർ അറ്റാക്ക്

സെപ്റ്റംബര്‍ 14ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനെ കുറിച്ചാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്

'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു!' ഏഷ്യാ കപ്പ് പ്രൊമോയ്ക്ക് പിന്നാലെ സെവാഗിന് സൈബർ അറ്റാക്ക്
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രൊമോ വീഡിയോ ഇറങ്ങിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് രൂക്ഷവിമര്‍ശനം. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിന്റെ മുന്നോടിയായി അടുത്തിടെയാണ് പ്രൊമോഷന്‍ വീഡിയോ പുറത്തിറക്കിയത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റ് പാര്‍ട്ണറായ സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കാണ് പ്രൊമോ വീഡിയോ പുറത്തിറക്കിയത്.

സെപ്റ്റംബര്‍ 14ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനെ കുറിച്ചാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിന് മുന്നോടിയായി ആവേശമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ വീഡിയോയില്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദി, മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് എന്നിവരാണ് ഉള്ളത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. ഏപ്രില്‍ 23ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ മരിച്ച സാഹചര്യത്തില്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാന്‍ രാജ്യമെമ്പാടും നിന്ന് ആവശ്യങ്ങളുയര്‍ന്നിരുന്നു. ഈ സാചര്യത്തിലാണ് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയും മറ്റും പ്രതികരണങ്ങളുമായി എത്തുന്നത്.

ഇന്ത്യ പാകിസ്താന്‍ പോരാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ബിസിസിഐയ്ക്കും സെവാഗിനും നേരെയും വിമര്‍ശനമുണ്ട്. സോണി ലിവ്, ബഹിഷ്‌കരിക്കുക, ഏഷ്യ കപ്പ് ബഹിഷ്‌കരിക്കുക തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യയും പാക്കിസ്താനും മാത്രമുള്ള കായിക ചാംപ്യന്‍ഷിപ്പുകള്‍ ഇനിയുണ്ടാവില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

'പഹല്‍ഗാം നിങ്ങളെപ്പോലെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല', 'ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുക, സോണി ലിവ് ബഹിഷ്‌കരിക്കുക', 'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', എന്നിങ്ങനെയെല്ലാമാണ് ട്വിറ്ററില്‍ പ്രതികരണങ്ങളുള്ളത്.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബർ ഒൻപതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ഗ്രൂപ്പിലെ സ്ഥാനം അനുസരിച്ച് സൂപ്പർ ഫോറിലും ടീമുകൾ ഒരുതവണ ഏറ്റുമുട്ടും.

Content Highlights: Virender Sehwag, BCCI Blasted Over Viral India-Pakistan Asia Cup Promo

dot image
To advertise here,contact us
dot image