ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചിലകേന്ദ്രങ്ങൾ വലിച്ചിഴച്ചത് വേദനപ്പിച്ചു; ഗൂഢാലോചനസിദ്ധാന്തം തള്ളി റിനി

മനസ്സും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ചതില്‍ ഹാ കഷ്ടം എന്നുമാത്രമെ പറയാനുള്ളൂവെന്നും റിനി ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചിലകേന്ദ്രങ്ങൾ വലിച്ചിഴച്ചത് വേദനപ്പിച്ചു; ഗൂഢാലോചനസിദ്ധാന്തം തള്ളി റിനി
dot image

കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സിദ്ധാന്തം തള്ളി നടിയും മുൻ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന സിദ്ധാന്തത്തിലേക്ക് വലിച്ചിഴച്ചത് വലിയ വേദനയുണ്ടാക്കി. മനസ്സും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ചതില്‍ ഹാ കഷ്ടം എന്നുമാത്രമെ പറയാനുള്ളൂവെന്നും റിനി ഫേസ്ബുക്കില്‍ കുറിച്ചു. വാക്കുകള്‍ തന്റേത് മാത്രമാണ്. ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ചില സംഭവങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാതെ വല്ലാത്ത മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. എന്നാല്‍ അതിന് പിന്നില്‍ പതിവ് ഗൂഡാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സ്രഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ ? ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. അത്തരക്കാര്‍ പറ്റുമെങ്കില്‍ ഒന്നു കൂടി ചിലപ്പതികാരം വായിക്കുക. എന്റെ വാക്കുകള്‍ എന്റേത് മാത്രമാണ്. ഒരു ഗൂഡാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ല…

യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനിയുടെ ആരോപണം. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള്‍ തന്നെ അയാള്‍ തന്നോട് മോശമായി പെരുമാറി. അപ്പോള്‍ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയേഴ്‌സ്' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവര്‍ക്കും ഹു കെയേഴ്‌സ് എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്‍കിയിരുന്നില്ല. ആ നേതാവ് ഉള്‍പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

Content Highlights: Rini Ann George said No Conspiracy over allegation against Young Leader

dot image
To advertise here,contact us
dot image