
അടൂർ: യുവതികളുടെ ലൈംഗികാരോപണത്തില്‍ പ്രതിരോധത്തിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നീലപ്പെട്ടിയുമായി യുവാവിന്റെ പ്രതിഷേധം. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമായിരുന്നു ഇത്. ആഡംബര വാഹനത്തിൽ സുഹൃത്തിനൊപ്പം എത്തിയ യുവാവ് ഒരു നീലപ്പെട്ടിയുമായി വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ നീലപ്പെട്ടിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പെട്ടി ഉയർത്തിക്കാട്ടി. വീടിന് സംരക്ഷണമൊരുക്കിയ പൊലീസ് ഇയാളിൽ നിന്ന് വിവരങ്ങൾ തേടിയെങ്കിലും വ്യക്തമായ മറുപടിലഭിച്ചില്ലെന്നാണ് വിവരം. പിന്നാലെ നാട്ടുകാരിൽ ചിലരും ഇയാളെ ചോദ്യം ചെയ്യുകയുണ്ടായി. ആദ്യം കാര്യം മനസിലാകാതിരുന്ന എംഎൽഎയുടെ അനുയായികൾ പിന്നീട് ഇയാളോട് കയർത്ത് സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് പിന്നാലെ യുവാവിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് 'നീലപ്പെട്ടി' വലിയ വിവാദം സൃഷ്ടിച്ചത്. ഉപതെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അടക്കമുള്ളവരുടെ മുറിയിലായിരുന്നു പരിശോധന. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗില്‍ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നീല ട്രോളി ബാഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് ജില്ലാ പൊലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞത്.
അതേസമയം ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി ഇപ്പോള്‍ ശ്രമിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്. രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
Content Highlights: Youth protests with blue box in front of Rahul Mamkootathil's house